കോഴ്‌സിന് അംഗീകാരമില്ലെന്ന് ആക്ഷേപം; സ്ഥാപനത്തില്‍ സംഘര്‍ഷം
പുതുക്കാട്: അളഗപ്പനഗര്‍ ത്യാഗരാജാര്‍ എജ്യുക്കേഷന്‍ സെന്ററില്‍ നടത്തുന്ന കോഴ്‌സിന് അംഗീകാരമില്ലെന്ന് ആരോപണം. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് കാണണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡ് തകര്‍ത്തു.
പരീക്ഷയില്‍ കൂട്ടത്തോടെ തോല്‍പിക്കുന്നുവെന്നും ജയിക്കുന്നവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നികിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്താല്‍ നടത്തുന്ന ടെക്‌നിക്കല്‍ എന്‍ജിനീയേഴ്‌സ് മെമ്പര്‍ഷിപ്പ് കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ഥികളാണ് പരാതിക്കാര്‍.
വലിയതുക ഫീസ് നല്‍കി പഠിക്കുന്ന വിദ്യാര്‍ഥികളെ പരീക്ഷയില്‍ കൂട്ടത്തോടെ തോല്‍പിക്കുകയാണെന്നും അംഗീകാരമില്ലാത്ത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ മാനേജ്‌മെന്റ് മനപൂര്‍വം ചെയ്യുന്നതാണിതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
മൂന്നു വര്‍ഷത്തെ കോഴ്‌സിന് രണ്ടര ലക്ഷം രൂപയോളം കുട്ടികള്‍ ഫീസ് നല്‍കിയിട്ടുണ്ട്.
പതിനയ്യായിരം രൂപവീതം സെമസ്റ്റര്‍ ഫീസും കൂടാതെ പരീക്ഷഫീസും നല്‍കിയതായി കുട്ടികള്‍ പറയുന്നു. സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമക്ക് തുല്യമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സ്ഥാപനം ഉറപ്പു നല്‍കിയിരുന്നു.
2014ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കോഴ്‌സിന് 2013 ല്‍ തന്നെ അംഗീകാരം നഷ്ടപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ കേസ് നിലവിലുണ്ടെന്നും അറിഞ്ഞതായി കുട്ടികള്‍ പറയുന്നു. പിന്നീട് കോഴ്‌സിന് പ്രവേശനം നേടിയവരെ പാലക്കാടുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോഴ്‌സിന് അംഗീകാരമോ പഠിച്ചതിന് സര്‍ട്ടിഫിക്കറ്റോ ലഭിക്കാതെ മൂന്നു വര്‍ഷം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.
എന്നാല്‍ ഈ സ്ഥാപനവുമായി അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നികിന് ബന്ധമൊന്നുമില്ലെന്നും കോഴ്‌സിനെക്കുറിച്ചോ അംഗീകാരം സംബന്ധിച്ചോ അറിവില്ലെന്നും പ്രിന്‍സിപ്പല്‍ അന്ന ടെര്‍ജി അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പുതുക്കാട് പൊലിസ് മാനേജ്‌മെന്റും വിദ്യാര്‍ഥികളുമായി സ്റ്റേഷനില്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."