ഉപ്പുമണ്ണില്‍ കൃഷിയിടത്തില്‍ വിള്ളല്‍; പ്രദേശവാസികളില്‍ ഭീതി ജനിപ്പിക്കുന്നു
വടക്കഞ്ചേരി: ഡാമിനടുത്ത് ഉപ്പുമണ്ണില്‍ കൃഷിയിടത്തില്‍ കാണപ്പെട്ട വിള്ളല്‍ ഓരോദിവസം പിന്നിടുംതോറും കൂടിവരുന്നത് പ്രദേശവാസികളില്‍ ഭീതി ജനിപ്പിക്കുന്നു. റ ഷേയ്പ്പില്‍ വിള്ളലുണ്ടായ ഭൂമി താഴേയ്ക്ക് നിരങ്ങുന്ന സ്ഥിതിയാണുള്ളത്. ഈ ഭൂമിക്കടിയില്‍നിന്നും രൂപപ്പെട്ട ഉറവ ഇപ്പോഴുമുണ്ട്. നല്ല തെളിഞ്ഞ വെള്ളമാണ് ടാര്‍ റോഡിലൂടെ താഴേയ്ക്ക് ഒഴുകുന്നത്.
അപായ സാധ്യത കൂടിവരുന്ന സാഹചര്യത്തില്‍ റവന്യൂ അധികൃതര്‍ ഇന്നലെയും സ്ഥലത്ത് പരിശോധന നടത്തി. പിളര്‍ന്നു നില്ക്കുന്ന സ്ഥലത്തിന്റെ താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാര്‍പ്പിച്ചു. ഇരുപതോളം വീട്ടുകാര്‍ സമീപത്തെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് രണ്ടാഴ്ചയിലേറെയായി കഴിയുന്നത്.
ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയാണ് താമസക്കാരെയും ഇതുവഴിയുള്ള ബസ് ഉള്‍പ്പെടെ ഭാരവാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചത്. ഭൂമിപിളര്‍ന്ന് നില്ക്കുന്നത് സംബന്ധിച്ച് ജിയോളജി വകുപ്പിനും വ്യക്തതയിലെത്താന്‍ കഴിയാത്തതിനാലാണ് പരിശോധനയ്ക്കായി തിരുവനന്തപുരത്തുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസില്‍നിന്നുള്ള ശാസ്ത്രസംഘത്തിന്റെ സഹായം തേടിയിട്ടുള്ളത്.
ഈമാസം പത്തിനുമുമ്പ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് സുരക്ഷാനടപടി നിര്‍ദേശിക്കുമെന്നാണ് പ്രദേശവാസികള്‍ക്ക് വില്ലേജ് അധികൃതര്‍ നല്കിയിട്ടുള്ള ഉറപ്പ്. കനത്ത മഴയുണ്ടായ 16ന് രാത്രിയിലാണ് കുന്നിന്‍ചെരിവായ രണ്ടേക്കര്‍ റബര്‍തോട്ടത്തില്‍ റ ഷേയ്പ്പില്‍ വിള്ളലുണ്ടായത്.
വിള്ളലിനെ തുടര്‍ന്ന് ഇവിടത്തെ ജാനു വേലായുധന്റെ ഓടിട്ട വീടിനു വിള്ളലുണ്ടായതോടെയാണ് ജനത്തിനും ഭീതിയായത്. വീടിന്റെ ചുമരുകള്‍ക്കെല്ലാം വലിയ വിള്ളലുണ്ട്. പിറകിലെ ഏതാനും ചുമര്‍വീഴുകയും ചെയ്തു.
ജാനു വേലായുധന്റെ വീട്ടില്‍നിന്നും റോഡിലേക്ക് ഇറങ്ങുന്ന സ്‌റ്റെപ്പുകളിലും വിള്ളലുണ്ട്. ഇവിടത്തെ കിണറും ഇടിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."