മോഷണക്കേസ്: സഊദിയില്‍ മലയാളിയുടെ കൈ വെട്ടണമെന്ന് കോടതിവിധി
റിയാദ്: സഊദിയില്‍ മോഷണക്കേസില്‍പ്പെട്ട മലയാളിയുടെ കൈ വെട്ടാന്‍ കോടതിവിധി. അബഹയില്‍ റസ്റ്റോറന്റ് ജീവനക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെയാണ് മോഷണം കുറ്റം തെളിഞ്ഞതോടെ ശരീഅത്ത് നിയമപ്രകാരം കോടതി വിധി പ്രഖ്യാപിച്ചത്. കോടതി വിധിക്കെതിരെ അപ്പീലിന് പോകാന്‍ പ്രതിക്ക് ഒരാഴ്ചത്തെ കൂടി സമയമുണ്ട്.
അബഹയില്‍ യുവാവ് ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ കാണാതായ സംഭവത്തിലാണ് കേസ് നടന്നത്. അന്വേഷണത്തില്‍ യുവാവാണ് പണം മോഷ്ടിച്ചതെന്ന് തെളിയുകയും ഇയാള്‍ കുറ്റം ഏറ്റു പറയുകയും മോഷ്ടിച്ച പണം ഇയാളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ ഖമീഷ് മുശൈത്തിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ശരീഅത്ത് നിയമപ്രകാരം പ്രതിയുടെ വലത്തേ കൈപ്പത്തി വെട്ടിമാറ്റാനാണ് വിധി. തടവില്‍ കഴിയുന്ന പ്രതിക്ക് റമദാന്‍ പതിനേഴിനുള്ളില്‍ അപ്പീലിന് പോകാന്‍ അവസരമുണ്ട്. നാട്ടിലെ കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അസീറിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യുവാവിന് നിയമസഹായം നല്‍കാന്‍ രംഗത്തുണ്ട്. ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ സൈദ് മൗലവി നിയമവിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്തു.
വേറൊരു സംഭവത്തില്‍ ഇരുപതിനായിരം റിയാല്‍ നല്‍കാനുള്ള വിഷയത്തില്‍ ഒരു യുവാവിന് വേണ്ടി ജാമ്യം നിന്നിരുന്നു. എന്നാല്‍ പിന്നീട് ആ വ്യക്തി പണം നല്‍കാത്തതോടെ ഇദ്ദേഹത്തില്‍ നിന്നും ഈടാക്കിയിരുന്നു. ഇതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഫൈനല്‍ എക്‌സിറ്റ് ലഭിച്ച ശേഷമായിരുന്നു പ്രതി മോഷണക്കേസില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."