300 ഗ്രാമ പഞ്ചായത്തുകള്‍ വിഭജിക്കുന്നു; മലബാറില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ വരും
തിരുവനന്തപുരം: 2020 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പ് 300 പഞ്ചായത്തുകള്‍ വിഭജിക്കാന്‍ സാധ്യത. ഈ പഞ്ചായത്തുകളില്‍ നിശ്ചിത ജനസംഖ്യയില്‍ വര്‍ധനയുണ്ടായതിനെത്തുടര്‍ന്നാണിത്. ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പഞ്ചായത്തിലെ ശരാശരി ജനസംഖ്യ 27,430 ആയി നിജപ്പെടുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.
സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ 32,000 ത്തിനു മുകളില്‍ ജനസംഖ്യയുള്ള 300 പഞ്ചായത്തുകള്‍ വിഭജിക്കേണ്ടി വരും. ഇതില്‍ 30 പഞ്ചായത്തുകളില്‍ 50,000 ത്തിനു മുകളിലാണ് ജനസംഖ്യ. 135 പഞ്ചായത്തുകളില്‍ 40,000 നു മുകളിലും.
2015 ലാണ് വിഭജനം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.
പുതിയ മുനിസിപ്പാലിറ്റി രൂപീകരണത്തെ സമിതി എതിര്‍ക്കുന്നുണ്ട്. അതേസമയം, ഒരു ബ്ലോക്കില്‍ മൂന്നു പഞ്ചായത്തുകളായി ചുരുക്കണമെന്നും പറയുന്നുണ്ട്.
സംസ്ഥാനത്ത് നിലവില്‍ ആറു കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്.
പഞ്ചായത്ത് വിഭജനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ് മുഖ്യ കാര്‍മികത്വം. തെരഞ്ഞെടുപ്പിനു മുന്‍പ് വിഭജനത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടെ പഞ്ചായത്ത് വിഭജനം ഉണ്ടാവാനാണ് സാധ്യത.
മലബാറിനെയാണ് പഞ്ചായത്ത് വിഭജനം കൂടുതല്‍ ബാധിക്കുകയെന്നാണ് സൂചന. പ്രത്യേകിച്ച് മലപ്പുറം ജില്ല. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പഞ്ചായത്തുകളും ഈ മേഖലയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."