ഏഷ്യന്‍ ബോക്‌സിങ്: ശിവ ഥാപയ്ക്ക് വെള്ളി
താഷ്‌കെന്റ്: ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശിവ ഥാപയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ ഉസ്‌ബെകിസ്ഥാന്‍ താരം എല്‍നര്‍ അബ്ദുറെയ്‌മോവിനോട് പരാജയപ്പെട്ടതോടെയാണ് ശിവയുടെ നേട്ടം വെള്ളിയിലൊതുങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ കരുത്തുറ്റ പഞ്ചുമായി നിറഞ്ഞ രണ്ടാം സീഡായ ഉസ്‌ബെക് താരം നാലാം സീഡായ ശിവയ്‌ക്കെതിരേ മാനസിക ആധിപത്യം കൈവരിക്കുന്നതില്‍ വിജയിച്ചതോടെ ഇന്ത്യന്‍ താരത്തിന്റെ പ്രകടനത്തിന് മങ്ങലേറ്റു.
നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യന്‍ പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ശിവ മെഡല്‍ നേടുന്നത്. 2013ല്‍ സ്വര്‍ണം നേടിയ ശിവ 2015ല്‍ വെങ്കലവും ഇപ്പോള്‍ വെള്ളിയും നേടി മൂന്ന് തുടര്‍ മെഡലുകള്‍ ഏഷ്യന്‍ പോരില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. നേരത്തെ ബാന്റെംവെയ്റ്റ് വിഭാഗത്തില്‍ മത്സരിച്ചിരുന്ന ശിവ കഴിഞ്ഞ ഡിസംബറിലാണ് ലയ്റ്റ്‌വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയത്. 56 കിലോ വിഭാഗം ബാന്റെംവെയ്റ്റിന്റെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരം കൂടിയാണ് ശിവ ഥാപ. വെള്ളി മെഡല്‍ നേട്ടത്തിലും ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത സ്വന്തമാക്കന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മത്സര ശേഷം താരം പ്രതികരിച്ചു. ലയ്റ്റ്‌വെയ്റ്റ് വിഭാഗത്തിലെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മെഡല്‍ കൂടിയാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോക ചാംപ്യന്‍ഷിപ്പ് യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഗൗരവ് ബിധുരി 56 കിലോ വിഭാഗത്തില്‍ തോല്‍വി വഴങ്ങി. ജപ്പാന്റെ റ്യോമെയ് ടനാകയാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ ജര്‍മനിയിലാണ് ലോക ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."