വാക്കുകളില്ല, ഇത് വര്‍ണനൂലുകളില്‍ വിരിയും വിസ്മയം
ചെറുവത്തൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തിറങ്ങിയപ്പോള്‍ വന്നുചേര്‍ന്ന അവശതകളില്‍ തളര്‍ന്നിരിക്കാതെ വര്‍ണനൂലുകള്‍ കൊണ്ട് വിസ്മയം വിരിയിക്കുകയാണ് പുഷ്പ. കയ്യൂരിലെ തീരം റിഹാബിറ്റേഷന്‍ സെന്ററിലിരുന്നു ഈ മുപ്പത്തിമൂന്നുകാരി തുന്നിചേര്‍ക്കുന്നത് അതിജീവനത്തിന്റെ ഭാവനകളും. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചീമേനി എസ്റ്റേറ്റ് പരിധിയില്‍ ചള്ളുവക്കോട് സ്വദേശിനിയാണ് പുഷ്പ.
സംസാരിക്കുമ്പോള്‍ വാക്കുകള്‍ ഇപ്പോഴും അവ്യക്തമാണ്. കൈവിരലുകളിലും വയ്യായ്കകളുണ്ട്. പക്ഷെ സൂചിയും നൂലും കൈയിലൊരു ഫ്രെയിമും കിട്ടിയാല്‍ തുന്നിയെടുക്കുന്നത് ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. 2006 ലാണ് ആദ്യമായി തുന്നിത്തുടങ്ങിയത്.
തീരം റിഹാബിറ്റേഷന്‍ സെന്ററിലെ അധ്യാപിക പൂര്‍ണപിന്തുണ നല്‍കി. 12 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ചിത്രങ്ങള്‍ തുന്നിയെടുത്തു. തുണിയില്‍ തുന്നിയെടുക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്‌തെടുക്കും. പ്രദര്‍ശനഗരികളിലും മറ്റും വില്‍പനയ്ക്ക് എത്തിക്കാറുണ്ട്. തുണിയിലേക്കു ചിത്രങ്ങള്‍ വരച്ചു വയ്ക്കുകയാണ് ആദ്യ പടി. പിന്നീട് അതിനെല്ലാം നൂലുകള്‍ കൊണ്ടു വര്‍ണം പകരും.
ഒരു തുന്നല്‍ പോലും പിഴക്കാത്ത സൂക്ഷ്മത ഓരോ ചിത്രങ്ങളിലും കാണാം. ഒരു മാസം കൊണ്ടു തുന്നിയെടുത്തവയും നാലുമാസം കൊണ്ട് തുന്നിയെടുത്തവയും ഒക്കെ കൂട്ടത്തിലുണ്ട്. അച്ഛന്‍ രാഘവനും അമ്മ നാരായണിയും സഹോദരങ്ങളും പൂര്‍ണ പിന്തുണ നല്‍കുന്നു.
പുഷ്പയെ കൂടാതെ പത്തുപേര്‍ കൂടിയുണ്ട് തീരം സെന്ററില്‍. എല്ലാവരും കരവിരുതുകളുടെ ലോകത്തേക്ക് കടന്നു വരുന്നവരാണ്. ചിരട്ടകളില്‍ വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചിത്രങ്ങള്‍ തുന്നിയെടുക്കുന്നത് പുഷ്പ മാത്രമാണ്.
ഇവര്‍ തുന്നിയെടുക്കുന്ന ചിത്രങ്ങള്‍ അടുക്കി വയ്ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു തീരം സെന്ററിലെ അധ്യാപകര്‍.
എന്നാല്‍ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1993 -94 എസ്.എസ്.എല്‍.സി പഠിതാക്കളുടെ കൂട്ടായ്മയായ മാമ്പഴം ഇതിനായി മനോഹരമായ ഒരു അലമാര കഴിഞ്ഞ ദിവസം സമ്മാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."