പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 15,000 വരെ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നും പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ഗൗരവമായി കാണണമെന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി അപ്രായോഗികമാണെന്നും ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൊവിഡ് വ്യാപിച്ചിട്ടും കഴിഞ്ഞ ആഴ്ചകളില്‍ തലസ്ഥാനത്തടക്കം നടന്ന സമരങ്ങള്‍ സമരം നടത്തിയവര്‍ പരിശോധിക്കണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവയ്ക്കാനും യോഗം തീരുമാനിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയിലെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും വികസനത്തിനു തടയിടാനാണു കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും യോഗത്തിനുശേഷം മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കൊവിഡ് പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാവാതിരിക്കാനാണ് സമരപരിപാടികള്‍ മാറ്റി വച്ചതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."