പാനൂരില്‍ ട്രാഫിക്ക് പരിഷ്‌കരണം ഇന്നു മുതല്‍
പാനൂര്‍: . പാനൂര്‍ നഗരത്തിലെ ട്രാഫിക്ക് പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന കര്‍ശനനിലപാടുമായി നഗരസഭാ അധികൃതര്‍ മുന്നോട്ട്്. എന്നാല്‍ ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്
ടാക്‌സി ഡ്രൈവര്‍മാര്‍ .എതിര്‍പ്പ് അവഗണിച്ച് ഇന്ന് മുതല്‍ ടാക്‌സി സ്റ്റാന്റ് മാറ്റുമെന്ന് നഗരസഭാ അധ്യക്ഷ കെ.വി.റംല അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയാണ് സ്റ്റാന്‍ഡ് മാറ്റത്തില്‍ അന്തിമ തീരുമാനമെടുത്തത്. പഴയ കെ എസ് ഇ ബി ഓഫീസ് പരിസരത്തേക്ക് മാറ്റാനാണ് തീരുമാനം.എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും താല്‍ക്കാലികമായി ബസ് സ്റ്റാന്റ് പരിസരത്തേക്ക് മാറാന്‍ തയാറാണെന്നും യോഗത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വാദിച്ചെങ്കിലും അംഗീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
തീരുമാനത്തില്‍ പ്രതിഷേധിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. അതേ സമയം മുന്‍നിശ്ചയിച്ച പ്രകാരം ഇന്നു മുതല്‍ ട്രാഫിക്ക് പരിഷ്‌കരണം നടപ്പില്‍ വരുത്താന്‍ യോഗം തീരുമാനിച്ചു.
നിലവില്‍ കൂത്തുപറമ്പ് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ടാക്‌സികള്‍ പഴയ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തേക്ക് മാറ്റാന്‍ നേരത്തേ റഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ടാക്‌സി ഡ്രൈവര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേര്‍ന്നെങ്കിലും ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
മറ്റാവശ്യങ്ങള്‍ക്ക് സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലെന്നു ജലസേചന വകുപ്പ് രേഖാമൂലം അറിയിച്ച സ്ഥലത്ത് ടാക്‌സി സ്റ്റാന്റ് മാറ്റണമെന്ന ചെയര്‍പേഴ്‌സന്റെ പിടിവാശി കാരണമാണ് ഇറങ്ങിപ്പോയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമലംഘനം നടത്തി നിലവിലെ സ്റ്റാന്‍ഡ് മാറാന്‍ തയാറല്ലെന്ന് കണ്‍വീനര്‍ പി. രാജന്‍ അറിയിച്ചു. എന്നാല്‍ ഇന്നലെ സംഘടനാ നേതാക്കളുമായി നടന്ന ചര്‍ച്ച വീണ്ടും അലസി.സി.ഐ.ടി.യു ഒഴിച്ച് മറ്റുള്ളവര്‍ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെ ടൗണില്‍ കോണുകള്‍ സ്ഥാപിച്ചതോടെ ഗതാഗതകുരുക്ക് ഏറെക്കുറെ ഒഴിവായിട്ടുണ്ട്.
അതേസമയം വകുപ്പുകള്‍ തമ്മിലുള്ള കാര്യങ്ങള്‍ നഗരസഭ കൈകാര്യം ചെയ്യുമെന്നും ഇന്നു മുതല്‍ റഗുലേറ്ററി അതോറിറ്റി യോഗതീരുമാനപ്രകാരം ടാക്‌സി സ്റ്റാന്റ് മാറ്റുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ തുടരുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. റംല അറിയിച്ചു.
ട്രാഫിക്ക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നിലവില്‍ പുത്തൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ടെമ്പോ തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ അയ്യപ്പക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യും.
കെ.എസ്.ഇ.ബി പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളൊരുക്കും.
യോഗത്തില്‍ പാനൂര്‍ സി.ഐ വിവിബെന്നി, ഡെപ്യൂട്ടി തഹസില്‍ദാര്‍, ജോയന്റ് ആര്‍.ടി.ഒ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."