പരീക്ഷയിലെ ആള്‍മാറാട്ടം: അന്വേഷണത്തിന് പ്രത്യേക സംഘം
മുക്കം: നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മുക്കം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ കേസെടുത്ത് ഒരാഴ്ചയായിട്ടും അധ്യാപകരെ പിടികിട്ടാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്നാണ് വിവരം.
കോഴിക്കോട് റൂറല്‍ എസ്.പിയുടേയും താമരശ്ശേരി ഡിവൈ.എസ്.പിയുടേയും മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. തിരുവനന്തപുരം പരീക്ഷാഭവനിലെത്തി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ ശേഖരിക്കുകയായിരിക്കും സംഘം ആദ്യം ചെയ്യുക. തുടര്‍ന്ന് ഇവ അധ്യാപകന്‍ എഴുതിയതാണന്ന് ഉറപ്പ് വരുത്തുന്നതിനായി ഫോറന്‍സിക് പരിശോധനക്ക് അയക്കും.
അതിനിടെ നിഷാദ് വി .മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേ ഇയാള്‍ ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രേഖ തിരുത്തല്‍, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ കേസില്‍ പ്രതികളായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ ഫൈസല്‍ എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പരീക്ഷാഭവനില്‍ നിന്ന് അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൊലിസ് നടത്തുന്നുണ്ട്. അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഇത് കണ്ടെടുക്കാനുള്ള ശ്രമവും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ ഫൈസല്‍ നിരപരാധിയാണെന്ന വാദവുമായി അദ്ദേഹം ജോലി ചെയ്യുന്ന ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി രംഗത്തെത്തി. ഡെപ്യൂട്ടി ചീഫ് എന്ന നിലയില്‍ പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ കവറിലാക്കി സീല്‍ ചെയ്ത് നല്‍കുക മാത്രമാണ് ഇദ്ദേഹത്തിന്റെ ചുമതലയെന്നും തുടര്‍ന്ന് വരുന്ന ക്രമക്കേടിന് ഇയാള്‍ ഉത്തരവാദിയല്ലെന്നുമാണ് പി.ടി.എ കമ്മിറ്റിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."