HOME
DETAILS
MAL
നീതിതേടിയ 'നീതു' എത്തിയില്ല
backup
September 30 2020 | 04:09 AM
വടക്കാഞ്ചേരി: വഴിയരികില്‍ രണ്ടര മണിക്കൂറോളം അനില്‍ അക്കര എം.എല്‍.എ കാത്തിരുന്നിട്ടും സാമൂഹമാധ്യമത്തിനു പുറത്തേക്ക് 'നീതു ജോണ്‍സണ്‍' എത്തിയില്ല.
ചരല്‍പറമ്പ് ലൈഫ്മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ അഴിമതി ചര്‍ച്ചയായിരിക്കെയാണ് 'നീതു ജോണ്‍സണ്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കത്ത് പ്രചരിക്കുന്നതും ഡി.വൈ.എഫ്.ഐ ഉള്‍പ്പടെ അതേറ്റെടുക്കുകയും ചെയ്തത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയം കളിച്ച് ദയവ് ചെയ്ത് വീടെന്ന സ്വപ്നം എം.എല്‍.എ ഇല്ലാതാക്കരുതെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.ഇടതു സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം ഈ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ കത്തില്‍ പറയുന്ന മങ്കര സ്വദേശിനിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ നീതുവിനു വേണ്ടി അനില്‍ അക്കരയും നഗരസഭ കൗണ്‍സിലര്‍മാരായ സിന്ധു സുബ്രഹ്മണ്യന്‍, സൈറാബാനു മുസ്തഫ എന്നിവരും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും വ്യാപക അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.
ഇതോടെയാണ് നീതുവിനെയും കാത്ത് അനില്‍ അക്കര മങ്കരയിലെ റോഡരികില്‍ ഇരുന്നത്. എം.എല്‍.എക്കൊപ്പം രമ്യ ഹരിദാസ് എം.പി കൂടി എത്തിയതോടെ പരിപാടി വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. ഇന്നലെ കാലത്ത് 9 മണി മുതല്‍ 11 വരെ കാത്തിരിക്കുമെന്നായിരുന്നു അനില്‍ അക്കര അറിയിച്ചിരുന്നതെങ്കിലും 11.30 വരെ കാത്തിരിപ്പു തുടര്‍ന്നു. കുട്ടി എത്തിയാല്‍ തന്റെ വീടിനോടു ചേര്‍ന്ന് 5 സെന്റ് ഭൂമിയും അതില്‍ വീടും നിര്‍മിച്ചു നല്‍കുമെന്ന് അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ രണ്ടു മാസത്തെ ശമ്പളം നീതുവിന് നല്‍കുമെന്നായിരുന്നു രമ്യ ഹരിദാസിന്റെ പ്രഖ്യാപനം. എന്നാല്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സണ്‍ എത്തിയില്ല.
ഇതോടെ അനില്‍ അക്കരയും രമ്യ ഹരിദാസും വടക്കാഞ്ചേരി പൊലിസ് സ്റ്റേഷനിലെത്തി നീതു ജോണ്‍സനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നല്‍കിയാണ് മടങ്ങിയത്. ഇനി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."