HOME
DETAILS
MAL
നിക്ഷേപത്തട്ടിപ്പ് എല്‍.ആര്‍ ടെക്‌നോളജീസിനെതിരേ അന്വേഷണം ആരംഭിച്ചു
backup
September 30 2020 | 04:09 AM
കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച മണിചെയിന്‍ കമ്പനിക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൂക്കോട്ടുംപാടം പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്റ്റഡി മോജോ, മോറിസ് കോയിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, 300 ഡേയ്‌സ് എന്നീ പേരുകളില്‍ നിയമാനുസൃത രേഖയോ ആധികാരികതയോ ഇല്ലാതെ അനധികൃത നിക്ഷേപം സ്വീകരിച്ച് പണമിടപാട് നടത്തുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രിപ്‌റ്റോ കറന്‍സിയുടെ മറവിലുള്ള നിക്ഷേപതട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു.സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്ത് ചുരുങ്ങിയത് 15,000 രൂപയും മുകളിലേക്ക് എത്ര രൂപയും നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം കൊടുക്കാമെന്നും കൂടുതല്‍ ആളെ ചേര്‍ക്കുന്ന നിക്ഷേപകന് കൂടുതല്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തും മണിചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചത്. മോറിസ് കോയിന്‍ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയെങ്കിലും പരാതി നല്‍കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. ജൂലൈ മുതല്‍ മലപ്പുറം ജില്ലാ പൊലിസ് നിക്ഷേപ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. നിരവധിപേര്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന് കണ്ടെത്തിയതോടെയാണ് സ്വമേധയാ കേസെടുത്തതെന്ന് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, എസ്.ഐ രാജേഷ് ആയോടന്‍ എന്നിവര്‍ പറഞ്ഞു. അന്വേഷണ പുരോഗതിക്കനുസരിച്ച് വകുപ്പുകള്‍ ചേര്‍ത്ത് പ്രതിപ്പട്ടിക തയാറാക്കുമെന്നും പൊലിസ് അറിയിച്ചു.
അനുവദനീയ കച്ചവടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പണം സ്വരൂപിച്ചത് നിലമ്പൂര്‍ സ്വദേശിയായ നിഷാദ് കിളിയിടുക്കില്‍ സി.ഇ.ഒയായ ലോങ് റിച്ച് ടെകേ്‌നാളജീസ് ആണ്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് അവകാശപ്പെടുന്ന കമ്പനി ജൂണിലാണ് മോറിസ് കോയിനെന്ന പേരില്‍ നിക്ഷേപപദ്ധതി തുടങ്ങിയത്. മലബാര്‍ ജില്ലകളിലുള്ളവരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് സുപ്രഭാതം കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവിട്ടതോടെ പണം നഷ്ടപ്പെടുമെന്ന് ഭയമുള്ള നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാമെന്ന് കമ്പനി ഉടമയായ നിഷാദ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കമ്പനിക്കെതിരേ എന്ത് അന്വേഷണം നടന്നാലും പൂര്‍ണമായി സഹകരിക്കാന്‍ തയാറാണെന്ന് ലോങ് റിച്ച് ടെകേ്‌നാളജീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തീര്‍ത്തും സുതാര്യവും നിയമാനുസൃതവുമാണ് കമ്പനിയുടെ പ്രവര്‍ത്തനം. തങ്ങളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ സമൂഹമധ്യത്തില്‍ കമ്പനിയെ തകര്‍ക്കാന്‍ വ്യാജ പരാതികളും പ്രചാരണങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മോറിസ് കോയിന്‍ നിക്ഷേപപദ്ധതിയെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല. സ്റ്റഡി മോജോ എന്ന എജ്യുക്കേഷന്‍ ആപ്പ് വില്‍പനയിലൂടെയാണ് കമ്പനി വലിയ വളര്‍ച്ചയില്‍ എത്തിയതെന്നാണ് അവകാശവാദം. ഉല്‍പന്നം ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ അക്കൗണ്ടില്‍ പണം നല്‍കിയാല്‍ അതിന് സമാനമായ ഉല്‍പന്നം നല്‍കുകയാണെന്നാണ് ഇപ്പോഴത്തെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."