സംഘ്പരിവാറുകാരായ പ്രതികളെ വെറുതെ വിട്ടു
പ്രതികളെ വിട്ടയച്ചത് സംശയത്തിന്റെ ആനുകൂല്യം നല്‍കി
കാസര്‍കോട്: കാസര്‍കോട് മീപ്പുഗിരിയിലെ സാബിത്തി(18)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സംഘ്പരിവാറുകാരായ പ്രതികളെ കോടതി വെറുതെ വിട്ടു. കേസന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കോടതി വാക്കാല്‍ നിരീക്ഷണം നടത്തി. കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിധി പറയുന്നത് ആറു തവണ കോടതി മാറ്റിവച്ചിരുന്നു. ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ശശികുമാറാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ട് ഉത്തരവിട്ടത്. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സാബിത്തിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
സംഘ്പരിവാര്‍ പ്രവര്‍ത്തകരായ നുള്ളിപ്പാടി ജെ.പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന(21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്. കേസില്‍ ജെ.പി കോളനിയിലെ ഒരു 17കാരനെതിരേയുള്ള വിചാരണ പിന്നീട് നടക്കും.
2013 ജൂലൈ ഏഴിന് രാവിലെ 11.30 ഓടെ നുള്ളിപ്പാടി ജെ.പി കോളനി പരിസരത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം(23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. അന്നത്തെ കാസര്‍കോട് ഡിവൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കാസര്‍കോട്ട് സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് പ്രതികള്‍ സാബിത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട സാബിത്തിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് റഹീസ് കൃത്യമായ മൊഴി നല്‍കിയിട്ടും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനുള്ള തരത്തില്‍ കേസന്വേഷണം മുന്നോട്ടുപോയില്ലെന്നാണ് സൂചന.
പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, ജോസ് കോഴിക്കോട് എന്നിവരാണ് ഹാജരായത്. കേസില്‍ സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ മുഹമ്മദ് ആലുവ, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ശ്രീജി ജോസഫ് തോമസ് എന്നിവരാണ് ഹാജരായത്. പ്രോസിക്യൂഷന്‍ കേസില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചതായി കോടതി വിലയിരുത്തി. അതേ സമയം പൊലിസിന്റെ അന്വേഷണത്തിലുണ്ടായ പിഴവുകളാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."