HOME
DETAILS
MAL
കശ്മിര്‍ ഭരണകൂടത്തോട് വിശദീകരണം തേടി സുപ്രിംകോടതി
backup
September 30 2020 | 09:09 AM
എത്രകാലം അവരെ തടവില്‍ വയ്ക്കാനാകുമെന്ന് കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കാത്തതില്‍ കശ്മിര്‍ അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം തേടി സുപ്രിംകോടതി. മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയാണ് ഇതുംസബന്ധിച്ച് ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയടക്കം കശ്മിരിലെ പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നത്. എന്നാല്‍, ഇതില്‍ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല എന്നിവരെയടക്കം പലരെയും പിന്നീട് മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ നീട്ടുകയായിരുന്നു. ഇതിനെതിരേ കശ്മിരിലെ പാര്‍ട്ടികള്‍ സംയുക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇല്‍തിജ മുഫ്തി കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നത്. അന്നുമുതല്‍ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. ഒരു വര്‍ഷത്തിലേറെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനെ ഇന്നലെ ഹരജി പരിഗണിക്കവേ കോടതി ചോദ്യം ചെയ്തു.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. ജമ്മു കശ്മിരിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യത്തോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ മറുപടി.
എന്നാല്‍, വീട്ടുതടങ്കലിന്റെ പരമാവധി സമയം അതിക്രമിച്ചെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അധികൃതര്‍ കോടതിക്കു മറുപടി നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിലാണ് മെഹ്ബൂബയുടെ തടങ്കല്‍ മൂന്നാഴ്ചത്തേയ്ക്കു കൂടി നീട്ടിയിരുന്നത്. തന്റെ മാതാവിനെ കോടതിയില്‍ ഹാജരാക്കുന്നതിന് ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നതിനും ഇല്‍തിജ മുഫ്തി കോടതിയുടെ അനുവാദം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."