നഗരസഭയുടെ അനാസ്ഥ; ജവഹര്‍ കോളനിക്കാരുടെ കുടിവെള്ളം മുട്ടി
നിലമ്പൂര്‍: നഗരസഭയുടെ അനാസ്ഥ ജവഹര്‍കോളനി നിവാസികള്‍ക്ക് കുടിവെള്ളം മുട്ടി. വൈദ്യുതി ബില്‍ അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പമ്പ് ഹൗസിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതോടെയാണ് കോളനിക്കാര്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞത്. നഗരസഭ കൈവിട്ടതോടെ കെ.എസ്.ഇ.ബി അധികൃതരുടെ കനിവിലാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്.
44,965 രൂപയാണ് കുടിശ്ശിക. കുടിശ്ശിക അടക്കണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി അധികൃതര്‍ കത്തയച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ സമയത്ത് പണം അടക്കാത്തതിനാലാണ് കഴിഞ്ഞ വ്യാഴാഴ്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കണക്ഷന്‍ വിഛേദിച്ചത്. ബില്‍ അടക്കാന്‍ വൈകിയതോടെ കോളനിനിവാസികളും നഗരസഭയില്‍ വിവരം അറിയിച്ചിരുന്നു. കുടിവെള്ളം നിലച്ചതോടെ ശനിയാഴ്ച നഗരസഭാംഗങ്ങളായ അരുമ ജയകൃഷ്ണന്‍, എന്‍ വേലുക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കോളനി നിവാസികളും നഗരസഭയില്‍ എത്തി. എന്നാല്‍ സെക്രട്ടറിയില്ലാത്തതിനാല്‍ കൃത്യമായ മറുപടി ലഭിച്ചില്ല. പണമടക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു നഗരഭാധ്യക്ഷ. മുനിസിപ്പല്‍ എന്‍ജിനീയറോടും വിഷയം അവതരിപ്പിച്ചെങ്കിലും ഭരണസമിതി തീരുമാനമില്ലാതെ പണമടക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതി വകുപ്പ് അധികൃതരുമായി ബന്ധപ്പെടുകയും തല്‍ക്കാലം 5000 രൂപ അടച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ധാരണയാവുകയുമായിരുന്നു.
എം കുഞ്ഞുട്ടിമാന്‍, ഷാജി ചക്കാലക്കുത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അനില്‍ കുമാര്‍, കുട്ടന്‍, സതീഷ് കുമാര്‍, ബാബു പൊറ്റക്കാട്, സന്തോഷ് പി കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോളനി നിവാസികളുമാണ് ചര്‍ച്ചക്കായി കൗണ്‍സിലര്‍മാര്‍ക്കൊപ്പം നഗരസഭയില്‍ എത്തിയത്. കോളനി നിവാസികളുടെ ആവശ്യത്തിനെതിരേ നഗരസഭ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമാണ്. കുടിവെള്ള പ്രശ്‌നവുമായെത്തിയ തങ്ങളെ നഗരസഭാധ്യക്ഷയുള്‍പ്പെടെയുള്ളവര്‍ അപമാനിക്കുയായിരുന്നുവെന്ന് ചര്‍ച്ചക്കെത്തിയ കോളനി നിവാസികളും പറഞ്ഞു. ഇരുനൂറോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. കോളനിയില്‍ പൊതുകിണറുകള്‍ ഉണ്ടെങ്കിലും ഇവയില്‍ കുടിവെള്ളം ഇല്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."