അടിവാരത്ത് മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും; കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്ന് ആഹ്വാനം
താമരശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനകീയ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് അടിവാരം മുപ്പതേക്ര റോഡില്‍ മാവോയിസ്റ്റ് ബാനറുകളും പോസ്റ്ററുകളും. കബനി ഏരിയാ കമ്മറ്റിയുടേതെന്ന് എഴുതിയ പോസ്റ്ററുകളില്‍ പുതുപ്പാടി പഞ്ചായത്തിലെ പ്രളയത്തില്‍ മരിച്ചവരുടേത് ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. പത്തോളം ബാനറുകള്‍ പരിസരപ്രദേശങ്ങളില്‍ കെട്ടിയിട്ടുണ്ട്.
കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നും ജനകീയ അധികാരം സ്ഥാപിച്ചു പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും മാവോയിസ്റ്റുകളെ നശിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു ദുരിതാശ്വാസം നല്‍കാന്‍ തമ്മിലടിക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. ജനങ്ങളുടെ ആവശ്യത്തിനു വേണ്ടിയല്ലാതെ സാമ്രാജ്യത്വ മുതലാളിമാരുടെ ലാഭത്തിനു വേണ്ടി നിര്‍മിക്കുന്ന ക്വാറികളും ഡാമുകളും ടൂറിസവും തള്ളിക്കളയണമെന്നും പ്രകൃതിയെ കൊള്ളയടിക്കാന്‍ പിന്താങ്ങുന്ന സര്‍ക്കാരുകളെ തള്ളിക്കളഞ്ഞു ജനാധിപത്യ വിപ്ലവത്തെ വിജയിപ്പിച്ചു ജനാതന സര്‍ക്കാര്‍ സ്ഥാപിക്കണമെന്നുമാണു വിവിധ സ്ഥങ്ങളില്‍ പതിപ്പിച്ച പോസ്റ്ററുകളില്‍ പറയുന്നത്. കൂടാതെ മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീയും പതിച്ചിട്ടുണ്ട്. താമരശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ സായൂജ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി പല തവണ പുതുപ്പാടി കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന് എടത്തുവെച്ചകല്ല്, തുഷാരഗിരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി ഭക്ഷണം ഉണ്ടാക്കിച്ച് കഴിക്കുകയും ഫോണ്‍ ചാര്‍ജ് ചെയ്തു വീടുകളിലെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു തിരിച്ചുപോകുകയും ചെയ്യുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ജനവാസം കൂടുതലായുള്ള പൊതുസ്ഥലത്ത് പോസ്റ്റര്‍ പതിച്ചത് പൊലിസിനെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും പ്രദേശത്തെ ഒരു വീട്ടില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥലത്ത് താമരശേരി പൊലിസും തണ്ടര്‍ബോള്‍ട്ടും പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് താമരശേരി ഡിവൈ.എസ്.പി ബിജുരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."