സീറ്റ് ലഭിക്കാത്തവര്‍ക്കു മുന്നില്‍ 'സീറ്റ് ' മാത്രം നാഥനില്ലാതെ സ്‌കോള്‍ കേരള ആസ്ഥാനം
മലപ്പുറം: മെറിറ്റ് സീറ്റില്‍ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാത്തവരുടെ ആശ്രയമായ സ്‌കോള്‍ കേരള മേഖലാ കേന്ദ്രത്തിനു നാഥനില്ല. മലബാര്‍ മേഖലയിലെ ജില്ലകള്‍ക്കായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ജീവനക്കാരുള്‍പ്പെടെയുള്ള സജ്ജീകരണമില്ലാത്തത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സീറ്റുകളിലെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലായിരിക്കെ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കോള്‍ കേരള പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളിലായി സ്‌കോള്‍ കേരളയ്ക്കു കീഴിലെ പ്ലസ് വണ്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ 17നാണ് ആരംഭിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് ഈ കേന്ദ്രത്തില്‍ സ്വീകരിക്കുന്നത്.
നിലവിലുള്ള ജീവനക്കാര്‍ക്കു പുറമേ പ്ലസ്‌വണ്‍ പ്രവേശന സമയത്ത് അഞ്ചോളം അധികജീവനക്കാരെ നിയമിച്ചാണ് കഴിഞ്ഞ വര്‍ഷംവരെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണ അധികജീവനക്കാരെ ലഭിച്ചില്ലെന്നു മാത്രമല്ല, മേഖലാ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കസേര ഒഴിഞ്ഞുകിടക്കുകയുമാണ്. ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു മേഖലാ ഡയറക്ടര്‍ ജൂണ്‍ 30 നാണ് പിരിഞ്ഞുപോയത്. ജൂനിയര്‍ സൂപ്രണ്ട് കഴിഞ്ഞ ജനുവരിയില്‍തന്നെ തിരിച്ചുപോയിരുന്നു. നിലവിലുണ്ടായിരുന്ന സെക്ഷന്‍ ഓഫിസറെ പാലക്കാട് ജില്ലാ കോഡിനേറ്ററാക്കി സ്ഥലംമാറ്റുകയും ചെയ്തു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയെ ആശ്രയിക്കുന്ന മലബാര്‍ മേഖലാ കേന്ദ്രത്തില്‍ നിലവില്‍ നാലു ജീവനക്കാര്‍ മാത്രമാണുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ എഗ്രിമെന്റ് കാലാവധിയും ജൂണില്‍ അവസാനിച്ചിട്ടുണ്ട്. ഇതു പുതുക്കാനുള്ള നടപടികളുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."