കൗതുകമായി ഗുജറാത്ത് കരകൗശല മേള
കൊച്ചി: ഗുജറാത്ത് ഹാന്‍ഡിക്രാഫ്റ്റ്‌സിന്റെ പ്രദര്‍ശനവും വില്‍പനയും കൗതുകമുണര്‍ത്തുന്നു. ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വ്യത്യസ്തങ്ങളായ വസ്ത്ര, കരകൗശല വസ്തുക്കളും, ആഭരണങ്ങളുമാണ് മേളയില്‍ അണിനിരക്കുന്നത്.
എറണാകുളം വിമണ്‍സ് അസോസിയേഷന്‍ ഹാളിലാണ് മേള പുരോഗമിക്കുന്നത്. പത്ത് രൂപ മുതല്‍ 10,000 രൂപ വരെ വിലമതിക്കുന്ന ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. ടസ്സര്‍, മുഗ, സില്‍ക്ക്, ലിനന്‍, കോട്ടണ്‍ സാരികള്‍, ഡ്രസ് മെറ്റീരിയലുകള്‍, യുവതികളുടെ ഹരമായ വിവിധ തരത്തിലുള്ള കല്ലുകളും മുത്തുകളും പിടിപ്പിച്ച ആഭരണങ്ങള്‍, മരംകൊണ്ടു തയ്യാറാക്കിയ ശില്‍പങ്ങള്‍ ചുവര്‍ അലങ്കാര വസ്തുക്കള്‍, അക്യുപ്രഷര്‍ ചികിത്സാ ഉപകരണം തുടങ്ങിയവയെല്ലാം മേളയ്ക്ക് മികവേകുന്നുണ്ട്. പ്രദര്‍ശന നഗരിയില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണം ലൈവായി കാണുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
കൈത്തറി, കരകൗശല കലാകാരന്മാരെ സഹായിക്കുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും പരമ്പരാഗത ഉല്‍പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് കരകൗശല മേളയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ മാസം 30ാം തീയതി മേയര്‍ സൗമിനി ജെയിനാണ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഈ മാസം 14 വരെ നീണ്ടുനില്‍ക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെയാമ് സന്ദര്‍ശന സമയം. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, ഒറീസ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നി ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."