പ്രളയം കവര്‍ന്ന കുത്തിയതോട് പള്ളിമേടയില്‍ നിന്ന് അഗ്‌നിരക്ഷാ സേന വിലപ്പെട്ട രേഖകള്‍ വീണ്ടെടുത്തു
നെടുമ്പാശ്ശേരി: ദുരിതാശ്വാസ ക്യാംപ് തകര്‍ന്ന് ആറ് പേര്‍ മരണമടഞ്ഞ നോര്‍ത്ത് കുത്തിയതോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പള്ളിമേടയുടെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും വിലപ്പെട്ട ചരിത്ര രേഖകളും ഫര്‍ണീച്ചറുകളും മറ്റും നഷ്ടപ്പെടുത്താതെ വീണ്ടെടുത്തു. അഗ്‌നിരക്ഷാ സേന സാഹസികമായി പ്രവേശിച്ചാണ് ഇവ വീണ്ടെടുത്തത്.
മഹാപ്രളയത്തിന്റെ കുത്തൊഴുക്കില്‍ ചെങ്കല്ലില്‍ നിര്‍മിച്ച 200 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നാണ് ഇവിടെ അഭയം പ്രാപിച്ചിരുന്ന ആറ് പേര്‍ അതിദാരുണമായി മരിച്ചത്. ഓഗസ്റ്റ് 16നായിരുന്നു അപകടം. പെരിയാറും, ചാലക്കുടിയാറും, മാഞ്ഞാലിത്തോടും സംഗമിക്കുന്ന പ്രദേശമാണിവിടം. മറ്റ് മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ ഹെലികോപ്ടറില്‍ ഭക്ഷണം എത്തിക്കാന്‍ ശ്രമിച്ചതാണ് കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ വരാന്ത നിലം പൊത്താന്‍ ഇടയായതെന്നാണ് സൂചന. ജലവിതാനം ഉയര്‍ന്നതോടെ കുതിര്‍ന്ന് കെട്ടിടത്തിന്റെ ഓരോ ഭാഗവും അടര്‍ന്ന് വീണു കൊണ്ടിരുന്നു.
രണ്ട് മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ കണ്ടെടുത്തെങ്കിലും അവശേഷിച്ച നാല് മൃതദേഹങ്ങള്‍ രണ്ട് ദിവസം കൊണ്ടാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗധര്‍ കണ്ടെടുത്തത്.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കുമിഞ്ഞ്കൂടി ശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും നിലം പൊത്തുന്ന സ്ഥിതിയിലായിരുന്നു. എസ്‌കവേറ്ററുപയോഗിച്ച് കെട്ടിടം പൂര്‍ണമായും പൊളിച്ച് നീക്കുകമാത്രമാണ് ഇനി ഏക പോംവഴി. ദുരന്തം കഴിഞ്ഞിട്ട് മൂന്നാഴ്ച പിന്നിട്ടു. അതിനിടെ പള്ളിമേടയിലെ വിലപ്പെട്ട രേഖകളും, മുറിയിലെ കംപ്യൂട്ടര്‍, ഇന്‍വെര്‍ട്ടര്‍, ക്യാഷ് ബോക്‌സ്, കിടക്കകള്‍ തുടങ്ങിയവ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. തുടര്‍ന്നാണ് പള്ളി അധികാരികള്‍ സേനയുടെ സഹായം തേടിയത്. രാവിലെ എട്ടിന് സ്റ്റേഷന്‍ ഓഫീസര്‍ ടി.ബി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തിയ സേന അഞ്ച് മണിക്കൂര്‍ സമയം കൊണ്ടാണ് ഒന്ന് പോലും അവശേഷിക്കാതെ മുഴുവന്‍ സാധനങ്ങളും പുറത്ത് കടത്തിയത്.
പള്ളി അധികാരികളും, തടിച്ച്കൂടിയ ജനവും ഭീതിയുടെ മുള്‍മുനയിലാണ് രംഗം കണ്ടത്. കെട്ടിട ഭിത്തിയില്‍ ലാഡര്‍ വിദഗ്ദമായി സ്ഥാപിച്ച് വായുവില്‍ സഞ്ചരിക്കുംവിധം ഭാരമില്ലാതെ സൂക്ഷ്മമായി സഞ്ചരിച്ചാണ് മുറിയിലെ മുഴുവന്‍ സാധനങ്ങളും പുറത്ത് കടത്തിയത്. ലീഡിങ് ഫയര്‍മാന്‍മാരായ പി.വി.പൗലോസ്, ബിജു ആന്റണി, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പി.എ.സജാദ്, സുജിത്ത്കുമാര്‍, ഫയര്‍മാന്‍മാരായ റെജി.എസ്.വാര്യര്‍, അനില്‍കുമാര്‍, വി.ആര്‍.രാഹുല്‍, ഹോം ഗാര്‍ഡുമാരായ ജയകുമാര്‍, റൈസന്‍ എന്നിവരും സാഹസിക ദൗത്യത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."