പ്രളയത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി മില്‍മ
ആലപ്പുഴ:പ്രളയം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ജില്ലയില്‍ പാല്‍ സംഭരണം കുറഞ്ഞു. പ്രതിദിന ശരാശരിയില്‍ 17,000 ലിറ്ററിന്റെ കുറവാണ് മില്‍മയ്ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.എന്നാല്‍ തളര്‍ന്ന് പിന്മാറാതെ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് മില്‍മയും ക്ഷീരവികസന വകുപ്പും.
കുട്ടനാട്ടിലെ ഇക്കൊല്ലത്തെ ആദ്യ വെള്ളപ്പൊക്ക സമയത്ത് മില്‍മ അഞ്ചു ലക്ഷം രൂപയുടെ അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, പാല്‍പ്പൊടി, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ വിതരണം ചെയ്തിരുന്നു. കൂടാതെ അഞ്ചു ലക്ഷം രൂപയുടെ കാലിത്തീറ്റയും നല്‍കി.
രണ്ടാം ഘട്ട പ്രളയ സമയത്ത് ദുരിത ബാധിത പ്രദേശങ്ങളില്‍ 1140 ചാക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. മേഖല യൂണിയന്‍ വഴി 6.82 ലക്ഷം രൂപയുടെ 700 ചാക്ക് കാലിത്തീറ്റയും ദേശീയ ക്ഷീര വികസന ബോര്‍ഡ് വഴി 440 ചാക്ക് കാലിത്തീറ്റയും ഈ സമയങ്ങളില്‍ മില്‍മയക്ക് നല്‍കാനായി.
പച്ചപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലയില്‍ മാത്രം മൂന്ന് ലക്ഷം മുതല്‍ മുടക്കില്‍ 50 ടണ്‍ മക്കചോളത്തണ്ട് കോയമ്പത്തൂരിലെ സത്യമംഗലത്തുനിന്നും എത്തിച്ചു. ഇത് ദുരിത ബാധിത പ്രദേശങ്ങളിലെ ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്തു.ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന ക്ഷീര കര്‍ഷകരുടെ കറവ മാടുകളെ ക്യാംപുകളിലും, വീടുകളിലുമായി ആലപ്പുഴ ജില്ലയിലെ മില്‍മ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു വിദഗ്ദ ചികിത്സ നല്‍കി. പ്രാഥമിക ചികിത്സക്ക് ആവിശ്യമായുള്ള മരുന്നുകളും അതോടൊപ്പം വിറ്റാമിന്‍ സപ്‌ളിമെന്റുകളും വിതരണം ചെയ്തു. 41 സംഘങ്ങളുടെ സന്ദര്‍ശനത്തിന് ഇതിനായി 1.54 ലക്ഷം രൂപയാണ് ചെലവഴിച്ചിച്ചത്.
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍15വരെ ജില്ലയില്‍ മില്‍മയുടെ പി ആന്‍ഡ് ഐ ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി.വി.യു യൂണിറ്റുകള്‍ വഴിയുള്ള അടിയന്തിര മൃഗ ചികിത്സ സംവിധാനം പൂര്‍ണമായും സൗജന്യമാക്കി. സെപ്റ്റംബര്‍ 30 വരെ കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ ചാക്കൊന്നിനു 100 രൂപ സബ്‌സിഡി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈയില്‍ കര്‍ഷകന്‍ സംഘത്തില്‍ അളന്നിട്ടുള്ള പാലിന് ആനുപാതികമായാണ് സബ്‌സിഡി നല്‍കുക. ഇതോടൊപ്പം ചാക്കൊന്നിനു 50 രൂപ സബ്‌സിഡിയും കര്‍ഷകന് ലഭിക്കും.
പ്രളയം രൂക്ഷമായി ബാധിച്ച സംഘങ്ങള്‍ക്ക് ജൂലൈയില്‍ യൂണിയന്‍ നല്‍കിയിട്ടുള്ള പാലിന് ആനുപാതികമായി ലിറ്ററൊന്നിനു രണ്ടു രൂപ ഇന്‍സെന്റീവ് നല്‍കും . ഏകദേശം 15 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രളയ ബാധിത പ്രദേശങ്ങളില്‍ മൊത്തമായോ ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള കാലിത്തൊഴുത്തിന്റെ പുനര്‍നിര്‍മാണത്തിന് യൂണിയന്റെ കീഴിലുള്ള ആലപ്പുഴ , പത്തനംതിട്ട ജില്ലകള്‍ക്കായി 1.5 കോടി രൂപയും മില്‍മ വകയിരിത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."