ജക്കറാന്ത പൂത്തുലഞ്ഞ കുന്നിന്‍ചെരിവുകളിലൂടെ
നീലക്കുറിഞ്ഞി പൂത്ത ഈ വര്‍ഷവും മൂന്നാറിലേക്ക് ഒരു യാത്ര സ്വപ്നം കണ്ടിരുന്നെങ്കിലും വര്‍ത്തമാനകാല ജീവിതാവസ്ഥകളും മൂന്നാറിനെ ബാധിച്ച മഴയുമെല്ലാം ആ ആഗ്രഹത്തിന് ലക്ഷ്മണരേഖ ചമച്ചു. അന്ന് ടിക്കറ്റ് വരെ എടുത്തതായിരുന്നു. എന്തുചെയ്യാം, യാത്ര അങ്ങനെയാണ് നാം എത്ര അധമ്യമായി ആഗ്രഹിച്ചാലും ചിലപ്പോള്‍ സംഭവിക്കണമെന്നില്ല.
കേരളത്തില്‍ പല തവണ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്നാണ് മൂന്നാറും പരിസരങ്ങളുമെല്ലാം. മനസില്‍ എന്നും പച്ചപിടിച്ചു നില്‍ക്കുന്ന ഒരു പ്രദേശം. ചെന്നെത്തുന്നവരെ വീണ്ടും ഒരിക്കല്‍കൂടി കുന്നുകയറാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നഭൂമി. കേരളത്തില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഈ പ്രദേശമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചെന്നുകണ്ടവര്‍ക്കാര്‍ക്കും ചോദ്യം ചെയ്യാനുമാവില്ല.
രണ്ടാഴ്ച മുന്‍പായിരുന്നു യാത്ര. തലശ്ശേരിയില്‍നിന്ന് എറണാകുളത്തെത്തി കെ.എസ്.ആര്‍.ടി.സി ബസില്‍ മറയൂരിലേക്ക് പുറപ്പെടുകയായിരുന്നു. എക്‌സിക്യൂട്ടീവ് ട്രെയിന്‍ പന്ത്രണ്ട് മണിക്ക് മുന്‍പ് എറണാകുളത്തെത്തി. ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റിന് സമീപത്തെ ഒരു റെസ്‌റ്റോറന്റില്‍നിന്ന് ഊണു കഴിച്ചായിരുന്നു പുറപ്പെട്ടത്.
വടക്കുനിന്ന് തെക്കോട്ട് സഞ്ചരിക്കുംന്തോറും ഊണ് മോശമാവുമെന്ന് അനുഭവിച്ചറിഞ്ഞതാണ്. ആ ഊണും അതിന് അപവാദമായിരുന്നില്ല. തെക്കന്‍ മേഖലയില്‍ ഊണായാലും എല്ലാറ്റിനും കുറേ ഭേദപ്പെട്ട ഒരിടമായി തോന്നിയത് തിരുവനന്തപുരമാണ്. ഉച്ചക്ക് ഒന്നേകാലിനായിരുന്നു ബസ് പുറപ്പെട്ടത്. ഏഴര മണിക്കൂറോളം നീളുന്നതാണ് മൂന്നാറും പിന്നിട്ടുള്ള മറയൂരിലേക്കുള്ള യാത്ര. ചുരം താണ്ടിയുള്ള ആ യാത്രയില്‍ കഴിക്കാന്‍ മധുരനാരങ്ങ ഉള്‍പ്പെടെയുള്ള വിഭവങ്ങളും കരുതിയിരുന്നു.
കേരളം സാക്ഷ്യം വഹിക്കുന്ന അതികഠിനമായ ചൂടിനെ കീറിമുറിച്ചാണ് ബസ് ഓടുന്നത്. ആലുവ പിന്നിടുവോളം കനത്ത ഗതാഗതക്കുരുക്കായിരുന്നു. സ്റ്റാന്റില്‍നിന്ന് പുറപ്പെട്ടത് മുതല്‍ കൊച്ചി മെട്രോയുടെ നിഴല്‍പറ്റിയായിരുന്നു ആലുവവരെ എത്തിയത്. പിന്നീട് പെരുമ്പാവൂരിലേക്കുള്ള കിഴക്കോട്ടുള്ള റോഡിലൂടെയായി പ്രയാണം. കോതമംഗലം പിന്നിട്ടതോടെ മഴമേഘങ്ങള്‍ക്ക് ചുവട്ടിലൂടെയായി യാത്ര. ആ യാത്ര ഏറെ ആസ്വാദ്യമായിരുന്നു. ഏത് നിമിഷവും മഴ പെയ്‌തേക്കാമെന്ന തോന്നലും പേറി ഞാനും ഭാര്യ ജഫ്‌നയും രണ്ടാമത്തെ മകന്‍ മനുവും ഇളയവന്‍ അച്ചു (ഹര്‍ഷ്)വും കാറ്റേറ്റ് നീങ്ങുന്നു. കുറേ നാളുകളായി മൂന്നാറിലേക്ക് കൊണ്ടുപോകാന്‍ കുടുംബം പ്രത്യേകിച്ച് രണ്ടാമന്‍ മനു (ഷാന്‍) നിര്‍ബന്ധിക്കുന്നു. അവന് ഏറെക്കുറെ എന്റെ പ്രകൃതമാണ്. യാത്ര ആ അസ്ഥിയിലും തൊട്ടറിയാം. ഉത്തരേന്ത്യന്‍ യാത്രകള്‍ ഓരോന്നായി പൂര്‍ത്തീകരിച്ച് എത്തുമ്പോഴും അവന്റെ മുഖം ഇരുണ്ട് കനക്കും. കോതമംഗലം പിന്നിട്ടതോടെ കുന്നുകയറാന്‍ തുടങ്ങി. കുറേക്കൂടി പോയതോടെ കൊടുങ്കാട്ടിലൂടെയായി യാത്ര.
കൊടുങ്കാട്ടിലെ മഴച്ചാര്‍ത്ത്
അടിമാലിക്ക് എത്തുന്നതിന് മുന്‍പായിരുന്നു മഴയുടെ വരവ്. നാലു മണിയാവാന്‍ ഇനിയും നേരമുണ്ട്. കാട്ടിലെ മഴ. ആരവങ്ങളുമായി അത് ബസിന് പുറത്ത് തകര്‍ക്കുന്നു. ഈ വേനലില്‍ സാക്ഷിയായ ആദ്യ പെരുമഴ. റോഡിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നു. അതോടെ നല്ല തണുപ്പായി. ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയിലുണ്ടായിരുന്ന അന്തരീക്ഷ താപനില ഒറ്റയടിക്ക് താഴ്ന്നിരിക്കുന്നു. കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള അവസ്ഥയാണ് തണുപ്പ്. പതിനെട്ട് ഡിഗ്രിയില്‍ ശീതീകരണി പ്രവര്‍ത്തിക്കുമ്പോഴും ദേഹത്ത് ഒരു തുണിപോലും ഇടാതെ ഉറങ്ങുന്നവനാണ് അച്ചു. പിന്നെ പറയണോ. ഞങ്ങളുടെ ഉള്ളിലെ മയിലുകളെല്ലാം പീലിവിടര്‍ത്തി ആടാന്‍ തുടങ്ങി.
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലാണ് റോഡിനോട് ചേര്‍ന്ന വാളറ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. കൊച്ചിയില്‍നിന്ന് 140 കിലോമീറ്ററാണ് മൂന്നാറിലേക്കുള്ള ദൂരം. അടിമാലിക്കടുത്താണ് കൊടുംകാടിന് നടുവില്‍ ദേവിയാറിന്റെ പ്രയാണത്തിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടം. അടിമാലിയിലേക്ക് ഇവിടെനിന്ന് 14 കിലോമീറ്ററാണ് ദൂരം. ഇടുക്കി ജില്ലയിലെ അടിമാലിക്കും എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടയിലുള്ള പ്രദേശമാണ് വാളറ. വാളറയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഏഴു തട്ടുകളായി പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. ഇവ രണ്ടും യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍നിന്ന് തന്നെ കാണാന്‍ സാധിക്കും.
കാടും മഴയും താണ്ടി മൂന്നാറിലെത്തിയപ്പോഴേക്കും സമയം ഏഴു മണിയാവാറായിരുന്നു. ഇരുള്‍ മൂടിവരുന്നു. മൂന്നാറില്‍ മഴയുടെ യാതൊരു ലാഞ്ചനയും കാണാനില്ലായിരുന്നു. സമീപത്ത് നല്ല കാപ്പി എവിടെ കിട്ടുമെന്ന ചോദ്യത്തിന് ഡ്രൈവര്‍ അല്‍പം ദൂരെയുള്ള ഒരു ഇലട്രിക് പോസ്റ്റിന് സമീപത്തേക്ക് കൈചൂണ്ടി. കുട്ടികളെയും കൂട്ടി ആ കടയില്‍ കയറി. കടികള്‍ക്ക്് അഞ്ചു രൂപ. കാപ്പിക്ക് 15. കൊള്ളാം നല്ല കാപ്പി. മലയാളിക്ക് അറിയാത്തതും തമിഴന് അറിയാവുന്നതുമായ ഒരു പണിയാണ് കാപ്പി കൂട്ടുന്നത്. തമിഴ്‌നാട്ടില്‍ എവിടെ ചെന്നാലും നമുക്ക് നല്ല പാല്‍കാപ്പി രുചിക്കാനാവും.
ആനയെ പ്രതീക്ഷിച്ച്
ഇനിയും ഒന്നര മണിക്കൂര്‍ കൂടിയുണ്ട് മറയൂരിലേക്ക് എത്താന്‍. മൂന്നാറില്‍ താമസിക്കാമെന്ന അഭിപ്രായത്തിന് ശക്തികൂടുകയാണ്. എന്നിട്ടും മറയൂരിലേക്കുള്ള യാത്ര തുടരുകയായിരുന്നു. മുന്‍പ് പോയപ്പോള്‍ പരിചയപ്പെട്ട ഒരാളാണ് അവിടെ പോകാനും റൂമെടുക്കാനുള്ള പ്രചോദനം. അങ്ങാടിക്ക് സമീപത്ത് പഴക്കച്ചവടം നടത്തുന്ന ഒരു ഏട്ടന്‍. ബാലചന്ദ്രന്‍ എന്നോ മറ്റോ ആണ് അയാളുടെ പേര്. കക്ഷിക്ക് തൊട്ടടുത്തായി നേന്ത്രവാഴയും ആണിപുവ (ഞാലിപൂവന്‍) നും പാളയന്‍കോടനുമെല്ലാം വിളയുന്ന ഏക്കര്‍ കണക്കിന് തോട്ടമുണ്ട്.
ഹൈറേഞ്ചിലെ ചുറ്റിവളഞ്ഞുള്ള പാതയില്‍ സഞ്ചരിച്ച് കുടുംബം വശംകെട്ടിരിപ്പാണ്. ഇനിയും ഒന്നര മണിക്കൂര്‍ കൂടി ഓടണമെന്നത് അവരെ ശുണ്ഠിപിടിപ്പിച്ചിരിക്കുന്നു. അടിമാലിയില്‍നിന്ന് മൂന്നാറിലേക്കുള്ളതിനും വളഞ്ഞുപിരിഞ്ഞു ചെങ്കുത്തായി ചായത്തോട്ടങ്ങളെ ചുറ്റിവളഞ്ഞു പോകുന്നതാണ് 40 കിലോമീറ്ററോളം നീണ്ട മൂന്നാര്‍-മറയൂര്‍ റോഡ്. ചായ കുടി കഴിഞ്ഞ് ബസ് പുറപ്പെട്ടപ്പോള്‍ സമയം ഏഴു കഴിഞ്ഞു. എട്ടര മണിക്ക് മലമൂടായ മറയൂരില്‍ ആളും വെളിച്ചവും കാണുമോയെന്ന ഭയം. മുന്‍പ് വന്നപ്പോള്‍ ബസ്സ്റ്റാന്റിനോട് ചേര്‍ന്ന കാല്‍വിന്‍ ലോഡ്ജിലാണ് തങ്ങിയത്. വൃത്തിയും വെടിപ്പുമുള്ള ഒരിടമായിരുന്നു. ആറേഴ് വര്‍ഷം മുന്‍പത്തെ കഥയാണ്. ആ ലോഡ്ജ് ഉണ്ടോ, അതേ സ്ഥിതിയിലാണോ, ഒന്നും അറിയില്ല. മുറി കിട്ടിയില്ലെങ്കില്‍ പെട്ടുപോവും തീര്‍ച്ച.
നല്ല ഇരുട്ടിലൂടെയാണ് ബസ് സമാന്യം ഭേദപ്പെട്ട വേഗത്തില്‍ ഓടുന്നത്. പാതി ഇരിപ്പിടങ്ങളും മൂന്നാര്‍ പിന്നിട്ടതോടെ കാലിയായിരിക്കുന്നു. സീറ്റിന് സൈഡില്‍ കമ്പിയില്ലാത്തതിനാല്‍ ഓരോ വളവിലും പുറത്തേക്ക് വീഴാവുന്ന സ്ഥിതി. ചില വളവുകളില്‍ ബസ് നില്‍ക്കുകയും ഡ്രൈവര്‍ പിന്നോട്ടെടുത്ത് ശ്രമപ്പെട്ട് തിരിച്ചുകയറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം വഴിയില്‍ ആനക്കൂട്ടത്തെ കണ്ടിരുന്നതായി കണ്ടക്ടര്‍ പറഞ്ഞു. പിന്നെ ആനയെ പ്രതീക്ഷിച്ച് ഇരുളിലേക്ക് മിഴിയുറപ്പിച്ചായി യാത്ര. നിലാവുള്ള രാവായതിനാല്‍ ഇടതുവശത്തെ ജാലകത്തിന് പുറത്ത് ദൂരെയായി മങ്ങിനില്‍ക്കുന്ന കൂറ്റന്‍ പര്‍വതങ്ങള്‍ ഞങ്ങളെ അനുഗമിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഒരു തുമ്പിന് മസ്തകവും തുമ്പിക്കൈയുമെല്ലാമുള്ള ആനയുടെ പൂര്‍ണരൂപം. ബസിന്റെ ഹെഡ്‌ലൈറ്റിന് മുന്നിലേക്ക് ഒരു കൊമ്പന്‍ ഏത് നിമിഷവും എത്തിയേക്കാമെന്ന് തോന്നി. പക്ഷേ അതുണ്ടായില്ല.
ജക്കറാന്തയെന്ന
വയലറ്റ് സുന്ദരി
കോളനി സ്ഥാപിച്ചതും നാടു കട്ടുമുടിച്ചതും പൗരന്മാരെ അടിമകളാക്കി ഭരിച്ചതുമെല്ലാം ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഇരുണ്ട ചരിത്രമാണെങ്കില്‍ ചില നല്ല കാര്യങ്ങളും അവരിലൂടെ സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് കേരളം ഉള്‍പ്പെട്ട തെക്കേ ഇന്ത്യയിലേക്ക് എത്തിച്ച തേയില കൃഷിയായിരുന്നു. യൂറോപ്യന്മാരുടെ സൗന്ദര്യബോധത്തിന്റെ ഉരക്കല്ലുകൂടിയാണ് ഈ തോട്ടങ്ങളും ഇവിടെ തണലിനായി നട്ടുവളര്‍ത്തിയ അനേകം പൂമരങ്ങളുമെല്ലാം. അവയില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ് ജക്കറാന്ത മരങ്ങള്‍.
പച്ചപ്പട്ടുടുത്ത തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലും അതിരിട്ടുനില്‍ക്കുന്ന പാതയോരങ്ങളിലുമായി ഇപ്പോള്‍ ജക്കറാന്തമരങ്ങള്‍ കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്നതാണ് മറയൂരില്‍നിന്നും മൂന്നാറില്‍നിന്നുമെല്ലാമുള്ള പുതിയ വിശേഷം. ഈ മേഖലകളിലെ സുപ്രസിദ്ധമായ പൂവുകള്‍ക്കെല്ലാം വയലറ്റ് നിറമാണെന്ന് വേണം പറയാന്‍. വ്യാഴവട്ടക്കാലത്തില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ നിറവും ഇതുതന്നെ.
ജക്കറാന്തമരത്തിനും പൂവിനും ദൂരക്കാഴ്ചയില്‍ മെയ്പൂക്കളുമായാണ് സാമ്യം. 20 മീറ്റര്‍ മുതല്‍ 33 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ജക്കറാന്ത പൂര്‍ണമായും പൂക്കുന്നതോടെ ഇലകളെല്ലാം അപ്രത്യക്ഷമാവും. വയലറ്റ് പൂക്കള്‍മാത്രമായി രൂപാന്തരപ്പെടുന്ന ആ കാഴ്ചയെ എഴുതി തോല്‍പ്പിക്കാനാവില്ല. തേയിലത്തളിരുകളുടെ മനംമയക്കുന്ന കാഴ്ചക്കിടയില്‍ ഒരിലപോലും അവശേഷിപ്പിക്കാതെ പൂത്തുനില്‍ക്കുന്ന ജക്കറാന്തയുടെ സൗന്ദര്യം ഒരാള്‍ക്കും പൂര്‍ണമായി എഴുത്തിലേക്ക് സന്നിവേശിപ്പിക്കാനാവില്ല, തീര്‍ച്ച. ഇത്രത്തോളം മനോഹരമായ ഒരു പുഷ്പവും ഭൂമിയില്‍ അപൂര്‍വമാണെന്ന് പറയേണ്ടിയിരിക്കുന്നു. മറയൂര്‍ ടൗണിനോട് ചേര്‍ന്ന തേയിലത്തോട്ടങ്ങള്‍ക്കരുകിലും അവയ്ക്ക നടുവിലുമെല്ലാം ഇപ്പോള്‍ ഈ മനംമയക്കുന്ന കാഴ്ചയാണ്.
ജക്കറാന്ത മിമിസിഫോളിയ എന്ന ശാത്രനാമമുളള ഈ പൂമരം സ്പാത്തോടിയാ കുടുംബാംഗമാണ്. മെക്‌സികോ, മധ്യതെക്കന്‍ അമേരിക്ക, ക്യൂബ, ജമൈക്ക, ബഹാമാസ് തുടങ്ങിയ പ്രദേശങ്ങളാണ് ഈ ഇലപൊഴിക്കും വൃക്ഷത്തിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. 49 ജനുസില്‍പ്പെട്ട വൃക്ഷങ്ങള്‍ ഇവയിലുണ്ട്. ഏഷ്യയില്‍ ഈ മരം ഏറ്റവും കൂടുതലായി വച്ചുപിടിപ്പിക്കപ്പെട്ടിരിക്കുന്ന പ്രധാന ദേശം നേപ്പാളാണ്. തെക്കന്‍ കാലിഫോര്‍ണിയ, സ്‌പെയിന്‍, അര്‍ജന്റിന, ഫ്‌ളോറിഡ, സൗത്ത് ആഫ്രിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, സിംബാബ്‌വെ, സാംബിയ തുടങ്ങിയ നാടുകളിലും ഈ വൃക്ഷം ധാരാളമായി കാണാം. സൗത്താഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയ അറിയപ്പെടുന്നത് ജക്കറാന്തയുടെ നഗരമെന്ന അപരനാമത്തിലാണ്.
ബ്രിട്ടീഷ് തോട്ടം ഉടമകള്‍ കണ്ണന്‍ദേവന്‍ മലനിരകളില്‍ മലമ്പനിയും കോളറയും സംഹാരതാണ്ഡവമാടിയ കാലത്താണ് ഈ മരം വച്ചുപിടിപ്പിച്ചതെന്ന് മൂന്നാറിലെയും മറയൂരിലെയും പഴയ തലമുറ പറയുന്നു. രോഗകാരികളായ കൊതുകുകളെ തുരത്താനായിരുന്നു ഇവ ഇടുക്കിയുടെ മണ്ണില്‍ നട്ടുപിടിപ്പിച്ചതത്രെ. പോയകാലങ്ങളില്‍ ഇവയുടെ പൂക്കള്‍ തുണിയില്‍ ചായം മുക്കാനായും ഉപയോഗിച്ചിരുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്നു മാസക്കാലമാണ് ജക്കറാന്തയുടെ പൂക്കാലം. അലങ്കാരവൃക്ഷമെന്ന നിലയില്‍ ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട് ഈ മരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."