HOME
DETAILS
MAL
താറാവ് കുഞ്ഞ്
backup
October 04 2020 | 03:10 AM
കടല്‍ തീരത്തോട് ചേര്‍ന്ന മരക്കൂട്ടത്തിനിടയില്‍ സുരക്ഷിതമായ ഒരിടത്ത് ഒരു താറാവ് ഏതാനും മുട്ടകള്‍ ഇട്ടു. കാലമാവുമ്പോള്‍ വിരിയുന്നതിനു വേണ്ടി ചപ്പുകള്‍ കൊണ്ട് അവ മൂടിവച്ചു.
അങ്ങനെയിരിക്കെ ഒരുനാള്‍ ശക്തമായ കാറ്റും മഴയും വന്നു. കാറ്റിന്റെയും മഴയുടെയും ശക്തിയില്‍ ഒരു താറാവു മുട്ട കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട് വെള്ളത്തില്‍ ഒലിച്ചു പോയി.
ഒഴുക്കിന്റെ സമ്മര്‍ദം മൂലം മുട്ട വിരിഞ്ഞ് ഒരു താറാവ് കുഞ്ഞ് പുറത്തുവന്നു. സംഭ്രമത്തോടെ ആദ്യമായി പുറംലോകം കണ്ട താറാവുകുഞ്ഞിനെ ഒരു കൊച്ചു തിരമാല സ്‌നേഹവായ്‌പ്പോടെ തീരത്ത് എത്തിച്ചു.
താറാവുകുഞ്ഞ് പതുക്കെ നടന്ന് നടന്ന് പച്ചപ്പുള്ള ഒരിടത്ത് എത്തി. കൂട്ടിന് ആരും ഇല്ലാതെ വല്ലാതെ പരിഭ്രമിച്ചിരുന്നു അവന്‍. അപ്പോള്‍ അടുത്തുള്ള വീട്ടുമുറ്റത്ത് തലേന്ന് വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളുമായി ചിക്കിപ്പെറുക്കുകയായിരുന്ന തള്ളക്കോഴി ഒറ്റപ്പെട്ട് നില്‍ക്കുന്ന താറാവു കുഞ്ഞിനെ കണ്ടു. ദയ തോന്നി തള്ളക്കോഴി താറാവു കുഞ്ഞിന് അഭയം നല്‍കി.
കോഴിക്കുഞ്ഞുങ്ങളുടെ കൂടെ താറാവു കുഞ്ഞ് വളര്‍ന്നു.
ദിവസങ്ങള്‍ കടന്നുപോയി. കോഴിക്കുഞ്ഞുങ്ങളെ പോലെ താറാവു കുഞ്ഞും സ്വന്തമായി ഇര കണ്ടെത്താന്‍ പഠിച്ചു.
അധികം താമസിയാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു സ്വതന്ത്രരാക്കി.
കോഴിക്കുഞ്ഞുങ്ങളും താറാവു കുഞ്ഞും ഒരുമിച്ചാണ് ഇര തേടിയിരുന്നത്. വെള്ളം കാണുമ്പോള്‍ താറാവുകുഞ്ഞിന് അതില്‍ ഇറങ്ങണം എന്ന് തോന്നും. പക്ഷേ, കോഴിക്കുഞ്ഞുങ്ങള്‍ വെള്ളം കണ്ടാല്‍ ഒഴിഞ്ഞുപോവുകയാണ് ചെയ്യുക. അതിനാല്‍ താറാവു കുഞ്ഞും വെള്ളത്തില്‍ ഇറങ്ങതെ തിരിച്ചുപോരും.
ആഴ്കളും മാസങ്ങളും പിന്നിടുന്നതിനനുസരിച്ച് താറാവിനു (ഇപ്പോള്‍ അവന്‍ വെറും കുഞ്ഞല്ല!) വെള്ളത്തില്‍ ഇറങ്ങാനുള്ള ആശ പെരുത്തു തുടങ്ങി. പക്ഷേ തന്റെ കൂട്ടുകാര്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടാവുന്നേ ഇല്ല എന്നുകണ്ട് സ്വന്തം ആഗ്രഹം ഒതുക്കി നിര്‍ത്തി.
എന്താണ് തന്റെ പ്രശ്‌നം എന്ന് താറാവിനു മനസിലാക്കാന്‍ പറ്റിയില്ല.
തനിക്ക് മാത്രം എന്തുകൊണ്ട് ഇങ്ങനെ ഒരു തോന്നല്‍?
ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നു താറാവിന് ഇത്.
ആധ്യാത്മിക ലോകത്തേക്ക് ആകര്‍ഷിക്കപ്പടുന്ന പല മനുഷ്യരും അനുഭവിക്കുന്നതാണ് താറാവിന്റെ ഈ പ്രശ്‌നം. ഭൗതികതയാകുന്ന കരയുമായുള്ള ബന്ധം വിച്ഛേദിച്ച് ആധ്യാത്മിക സാഗരത്തിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കഥയിലെ താറാവിനെ പോലെ തന്റെ ശരിയായ സ്വത്വം തിരിച്ചറിയാന്‍ കഴിയാത്തവരാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."