ഭീകരവാദത്തിന്റെ മതം ഹിംസ: സമദാനി
തിരൂര്‍: ഭീകരവാദത്തിന്റെ മതം ഹിംസയാണെന്നും ഭീകരവാദികള്‍ ഏത് മതക്കാരാണെങ്കിലും ചെകുത്താന്റെ പ്രതിനിധികളാണെന്നും എം.പി അബ്ദുസമദ് സമദാനി. 'ലോകം തിരുനബിയെ തേടുന്നു' എന്ന പ്രമേയത്തില്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഖുര്‍ആനിക് ആന്‍ഡ് സീറ സ്റ്റഡീസ് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിംസാത്മകതയുടെയും അധികാര ഭ്രമത്തിന്റെയും തിന്മനിറഞ്ഞ കൂട്ടുകെട്ടില്‍ നിന്നാണ് ഭീകരവാദം ജന്മം കൊള്ളുന്നത്. അക്രമം മാത്രമാണ് അതിന്റെ സിദ്ധാന്തവും പ്രയോഗവും. ഒരേസമയം മനുഷ്യനിന്ദയും ദൈവനിന്ദയുമാണത്. മതങ്ങളത്രയും സമാധാനവും കാരുണ്യവുമാണ് ഉദ്‌ബോധിപ്പിക്കുന്നത്. വിശ്വമാനവികതയും മനുഷ്യസമത്വവുമാണ് പ്രവാചകന്‍ എന്നും പഠിപ്പിച്ചത്. ഇതര മതസ്ഥരായ സഹോദരങ്ങളെ സ്‌നേഹിക്കാന്‍ മാത്രമല്ല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരേയും ആദരിക്കാനുമാണ് ഖുര്‍ആനും പ്രവാചകമാര്‍ഗവും പഠിപ്പിച്ചതെന്നും സമദാനി പറഞ്ഞു.ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സി. മമ്മൂട്ടി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്‍ഡ് സീറ സ്റ്റഡീസ് പ്രസിഡന്റ് കെ. ഫൈസല്‍ മുനീര്‍ അധ്യക്ഷനായി. പി.പി അബ്ദുല്ല, ഹാഫിള് ഫൈസല്‍ മൗലവി, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, ബഷീര്‍ വെട്ടം, സൈഫുദ്ദീന്‍ വലിയകത്ത്, ഇസ്ഹാഖ് വാഴക്കാട്, അബ്ദുല്‍ ജബ്ബാര്‍, നൗഷാദ് അന്നാര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."