സമവായത്തിലൂടെ കൈയേറ്റം ഒഴിപ്പിക്കാനാവില്ല
മൂന്നാറിലെ കൈയേറ്റങ്ങളില്‍ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കരുതെന്നും ഭൂമി വനം വകുപ്പിന് കൈമാറണമെന്നും പരിസ്ഥിതി ശിഥിലമാക്കുന്ന യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.കൈയേറ്റക്കാരെ തീര്‍ച്ചയായും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി അവര്‍ക്ക് വാക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍, മതമേലധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുവദിക്കുകയാണെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തോട് എങ്ങനെയാണ് മുഖ്യമന്ത്രി നീതി പുലര്‍ത്തുക. വ്യാപാരികളുമായും മാധ്യമപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. വ്യാപാരികളില്‍ അധികവും മൂന്നാര്‍ പ്രദേശത്തുകാരല്ല. എന്നാല്‍, അവരുടെ കയ്യിലുള്ള ഭൂമിക്ക് വേണ്ടി അവര്‍ അവകാശവാദം ഉന്നയിക്കാതിരിക്കുകയുമില്ല. സമവായത്തിലൂടെ മൂന്നാറിലെ കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കാനാവില്ലെന്ന് ഇതില്‍നിന്നു തന്നെ വ്യക്തമാണ്. ഇതു തന്നെയായിരുന്നുവോ സര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്ന് തോന്നിപ്പോവുന്നു. ഡി.ജി.പി സെന്‍കുമാറിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ സുപ്രിംകോടതി ഉത്തരവിട്ടപ്പോള്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടി വീണ്ടും കോടതിയെ സമീപിച്ചത് പോലുള്ള ഒരു നടപടിയാണ് സമവായത്തിലൂടെ കൈയേറ്റഭൂമി ഒഴിപ്പിക്കുക എന്നത്. ഇത്തരം നടപടികളിലൂടെ സര്‍ക്കാരും സി.പി.എമ്മും പൊതു സമൂഹത്തില്‍നിന്ന് കൂടുതല്‍ അകന്ന് പോവുകയേ ഉള്ളൂ. ബംഗാളിലെ നന്ദിഗ്രാമില്‍ അതാണ് കണ്ടത്. ഇടുക്കി ജില്ലാ ഭരണകൂടം തയാറാക്കിയ 154 പേരുടെ കൈയേറ്റ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലേറെ പേരും സി.പി.എം നേതാക്കളാണ്. മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരന്റ മകന്‍ ലിജീഷും കയൈറ്റക്കാരിലുണ്ട്. ഇവരെ സംരക്ഷിക്കുവാനാണ് സര്‍ക്കാര്‍ സമവായത്തിന്റെ ഉപായം തേടുന്നത്. മതമേലധ്യക്ഷന്‍മാര്‍ അവരുടെ മതസ്ഥാപനങ്ങളുടെ ഭൂമിക്ക് പട്ടയം വേണമെന്നാവശ്യപ്പടുമ്പോള്‍ അത് കൈയേറിയതാണെന്ന് വ്യക്തമാണ്. ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ വന്‍കിട കൈയേറ്റക്കാരും രാഷ്ട്രീയ നേതാക്കളും ഈ ചുളിവിലൂടെ രക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. മാരത്തോണ്‍ ചര്‍ച്ച കൊണ്ടും സര്‍വകക്ഷി ചര്‍ച്ച കൊണ്ടും സര്‍ക്കാര്‍ ഇതുതന്നെയായിരിക്കണം ഉദ്ദേശിച്ചിരിക്കുക. സര്‍ക്കാര്‍ ഭൂമി അന്യായമായി തട്ടിയെടുത്ത സി.പി.എം നേതാക്കള്‍ അടക്കമുള്ളവരെ സംരക്ഷിക്കുവാനാണ് ഇത്തരം മാരത്തോണ്‍ ചര്‍ച്ചാ തന്ത്രങ്ങളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് തോന്നുന്നു. എല്ലാവരെയും ഏകാഭിപ്രായത്തില്‍ കൊണ്ടുവന്ന് സര്‍ക്കാരിന്റെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനാവില്ല. ഇത് മറ്റാരേക്കാളും നന്നായി സര്‍ക്കാരിന് തന്നെ ബോധ്യവുമാണ്.
പാര്‍ട്ടി നേതാക്കള്‍ ഭൂമി കൈയേറ്റത്തില്‍ പങ്കാളികളാണെങ്കില്‍ നിഷ്‌കരുണം അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി ഭൂമി തിരികെ പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതു സമൂഹത്തോടും പാര്‍ട്ടിയോടുമുള്ള പ്രതിബദ്ധത ഇങ്ങനെയാണ് നിര്‍വഹിക്കേണ്ടത്. മൂന്നാര്‍ സി.പി.എമ്മിന് ബംഗാളിലെ നന്ദിഗ്രാം ആവാതിരിക്കണമെങ്കില്‍ അതുവഴി ബംഗാള്‍ തന്നെ നഷ്ടപ്പെട്ടുവെങ്കില്‍ അത്തരമൊരു പിടിപ്പുകേടിലേക്കാണ് കേരളാ സര്‍ക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്. ബംഗാളില്‍ ടാറ്റക്ക് വേണ്ടി കര്‍ഷകരെ അവരുടെ കൃഷിഭൂമികളില്‍നിന്നും സര്‍ക്കാര്‍ ആട്ടിയോടിക്കുകയായിരുന്നു. അതിന്റെ തിക്തഫലം സി.പി.എം അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കുകയും ചെയ്തു. 30 വര്‍ഷത്തിലധികം എതിരാളികളില്ലാതെ ബംഗാളില്‍ അടക്കിഭരിച്ച സി.പി.എം ഇന്നവിടെ നാമാവശേഷമായിരിക്കുന്നു. ബംഗാളില്‍ ടാറ്റക്ക് വേണ്ടിയായിരുന്നു സി.പി.എം സര്‍ക്കാര്‍ കൃഷിഭൂമി പിടിച്ചെടുത്തതെങ്കില്‍ മൂന്നാറില്‍ സി.പി.എം നേതാക്കളുടെ ഭൂമി കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത ലഭിക്കാനാണ് സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി മാത്രമാണ് സമവായം എന്ന തന്ത്രത്തിലൂടെ രംഗത്തുവന്നിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ സി.പി.എം ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ഒഴിപ്പിക്കല്‍ ത്വരിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. 2007ലാണ് മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെ കുറിച്ച് പുറംലോകം അറിയാന്‍ തുടങ്ങിയത്. 1-1-77ന് ശേഷമുള്ള കൈയേറ്റങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് അന്നത്തെ എ.കെ ആന്റണി സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍, അതെല്ലാം അട്ടിമറിക്കപ്പെട്ടു. എസ് രാജേന്ദ്രന്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെ സി.പി.എം നേതാക്കളുടെ ഭൂമി കൈയേറ്റം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. മൂന്നാറിലൂടെ കേരളം സി.പി.എമ്മിന് മറ്റൊരു ബംഗാളാവാതിരിക്കണമെങ്കില്‍ സമവായം എന്ന ഉപായം ഒഴിവാക്കി എല്ലാ കൈയേറ്റങ്ങളെയും കര്‍ശനമായി ഒഴിപ്പിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."