ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെ വ്യാപക തട്ടിപ്പ്
നിലമ്പൂര്‍: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെയുള്ള തട്ടിപ്പുകള്‍ പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധിപേരാണ് തട്ടിപ്പിന് ഇരയായത്. അമിതവണ്ണം ഒഴിവാക്കാനും കുടവയര്‍ കുറയ്ക്കാനും 1,200 രൂപയുടെ ബനിയന്‍ എന്നാണ് ഒരു പരസ്യം. ബനിയന്‍ ധരിക്കുന്നതോടെ ചൂട് വര്‍ധിക്കുകയും കൊഴുപ്പുനീങ്ങി കുടവയര്‍ കുറയുകയും ചെയ്യുമെന്നാണ് പരസ്യം. പരസ്യവാചകത്തില്‍ വീണ മഞ്ചേരി സ്വദേശിക്ക് കൊറിയറായി ബനിയനെത്തിയെങ്കിലും 100 രൂപയ്ക്ക് താഴെ വിലയുള്ള സാധാരണ ബനിയനാണ് ലഭിച്ചത്. പണം നഷ്ടമായെന്ന് മാത്രമല്ല സാധാരണ ഉപയോഗത്തിനുപോലും പറ്റാത്ത ബനിയനാണ് കൊറിയറില്‍ എത്തിയത്.
സ്മാര്‍ട് ഫോണുകള്‍ 2,499 രൂപയ്ക്ക്, സ്മാര്‍ട് വാച്ചുകള്‍ 1,499 രൂപയ്ക്ക്, ലക്ഷ്വറി മൊബൈല്‍ കെയ്‌സുകള്‍ 799 രൂപയ്ക്ക് എന്നിങ്ങനെയുള്ള ഓഫറുകളും സൈറ്റിലുണ്ട്. തട്ടിപ്പാണെന്ന് തോന്നാതിരിക്കാന്‍ പാര്‍സല്‍ വീട്ടിലെത്തുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്നും പരസ്യത്തിലുണ്ട്.
എന്നാല്‍, കൊറിയര്‍ വീട്ടിലെത്തിയാല്‍ പണം നല്‍കിയ ശേഷം മാത്രമേ ഡെലിവറി ചെയ്യൂ. ഇതുമൂലം ഗുണനിലവാരം ഉറപ്പാക്കാനും കഴിയില്ല. നൂറു രൂപയുടെ വാച്ചുകളാണ് 1,500 രൂപയോളം കൊടുത്ത പലര്‍ക്കും ലഭിക്കുന്നത്. ലക്ഷ്വറി മൊബൈല്‍ കെയ്‌സുകള്‍ക്കായി 800 രൂപ കൊടുത്തവര്‍ക്ക് 150 രൂപയുടെ പ്ലാസ്റ്റിക്കിന്റെ മൊബൈല്‍ കെയ്‌സുകളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."