പ്രളയ ദുരിതബാധിതര്‍ക്കായി കാലിക്കറ്റ് ഗേള്‍സിന്റെ അതിജീവനം
കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്.) ന്റെ ആഭിമുഖ്യത്തില്‍ കണ്ണാടിക്കല്‍ വടക്കെ വയല്‍ പ്രദേശത്തെ ദുരിതബാധിതരായ 44 കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങളും മറ്റു ആവശ്യ സാധനങ്ങളുമടങ്ങുന്ന 3 ലക്ഷം രൂപ വിലമതിക്കുന്ന സ്‌നേഹോപഹാരം സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ് പ്രദേശവാസികള്‍ക്ക് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാനേജ്‌മെന്റ് അധികൃതരുടെയും പി.ടി.എ. കമ്മിറ്റിയുടെയും സംയുക്ത പരിശ്രമഫലമായിട്ടാണ് വീടുകള്‍ തോറും കയറിയിറങ്ങി സര്‍വ്വേ നടത്തി ആവശ്യ സാധനങ്ങള്‍ കണ്ടെത്തുകയും വിതരണം ചെയ്യാനും സാധിച്ചത്. പി.ടി.എ. പ്രസിഡന്റ് പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷൈജ പര്‍വ്വീന്‍ പ്രൊജക്ട് അവതരണം നടത്തി. എന്‍.എസ്.എസ്. റീജണല്‍ കണ്‍വീനര്‍ കെ.സി. ഫസലുല്‍ ഹഖ്, സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ ഫൈസല്‍ എം.കെ., പി.ടി.എ. വൈസ് പ്രസിഡന്റ് റഷീദ്, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീദേവി, ഹെഡ്മാസ്റ്റര്‍ എം.കെ. സൈനബ, ഹെഡ്മിസ്ട്രസ് എം.കെ. സൈനബ, സ്റ്റാഫ് സെക്രട്ടറി സാജിദ സി.കെ., എന്‍.എസ്.എസ്. വൊളണ്ടിയര്‍മാരായ സലൂജ, അല്‍ ഫാഇദ എന്നിവര്‍ സംസാരിച്ചു.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. അബ്ദു സ്വാഗതവും വൊളന്റിയര്‍ സെക്രട്ടറി ഷാന മുര്‍ഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മിഷന്‍ കോഴിക്കോടിന്റെ ഭാഗമായി സമീപ പ്രളയ ബാധിത പ്രദേശങ്ങളില്‍ സര്‍വ്വേ നടത്തിയ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."