കേരളത്തിന്റെ സൈന്യത്തിന് തീരദേശ പൊലിസിന്റെ ബിഗ് സല്യൂട്ട്
പൊന്നാനി: കേരളത്തിന്റെ സൈന്യത്തിന് തീരദേശ പൊലിസിന്റെ ബിഗ് സല്യൂട്ട്. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതരായ കടലിന്റെ മക്കളെയാണ് പൊന്നാനി കോസ്റ്റല്‍ പൊലീസും കടലോര ജാഗ്രതാ സമിതിയും ചേര്‍ന്ന് അനുമോദിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് തീരദേശ പൊലീസിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ നിന്നുമായി 30 ഓളം പേരാണ് തൃശൂര്‍, എറണാംകുളം ജില്ലകളിലായി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള ജോലി പോലും ഉപേക്ഷിച്ചാണ് ഇവര്‍ ദുരന്തമുഖത്തേക്ക് പുറപ്പെട്ടത്. അന്യന്റെ ദുരിതങ്ങള്‍ക്ക് മുന്നില്‍ സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ച കടലിന്റെ മക്കളാണ് റിയല്‍ ഹീറോസ് എന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പി.സുധേഷ് കുമാര്‍ ഐ.എ.എസ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സുധേഷ് കുമാര്‍ ഐ.പി.എസ് നിര്‍വ്വഹിച്ചു. കോസ്റ്റല്‍ സെക്യൂരിറ്റി ഡി.ഐ.ജി കെ.പി ഫിലിപ്പ് ഐ.പി.എസ് അധ്യക്ഷനായി. തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്‌ക്കര്‍, പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, കോസ്റ്റല്‍ പൊലീസ് സി.ഐ.എം.കെ.ഷാജി, തീരദേശ പൊലീസ് എസ്.ഐ. ശശീന്ദ്രന്‍ മേല യില്‍ കടലോര ജാഗ്രത സമിതിയംഗം ബാബു പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."