നോട്ടുബുക്കുകള്‍ പ്രളയമെടുത്ത കുരുന്നുകള്‍ക്കായി കൈക്കോര്‍ത്ത് ഗുരുവും ശിഷ്യരും
മണ്ണഞ്ചേരി: പ്രളയത്തില്‍ നഷ്ടപ്പെട്ട നോട്ടുബുക്കുകള്‍ക്കു പകരം പുതിയവ വാങ്ങിനല്‍കി മാതൃകയായി ഗുരുശിഷ്യ കൂട്ടായ്മ. മണ്ണഞ്ചേരി പഞ്ചായത്തില്‍ പ്രളയത്തില്‍ നോട്ടുബുക്ക് നഷ്ടമായ കുരുന്നുകള്‍ക്ക് അവ എത്തിച്ചുകൊടുത്തിരിക്കുകയാണ് ആര്‍. വേണുഗോപാലും ശിഷ്യരും.
സമാന്തര വിദ്യാഭ്യാസത്തില്‍ അധ്യാപകവൃത്തിയിലായിരുന്ന വേണുഗോപാല്‍ ഗ്രാമ വികസന വകുപ്പില്‍ അമ്പലപ്പുഴ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസറായി റിട്ടയര്‍ ചെയ്തു. സര്‍വിസിന്റെ ഇടക്കാലത്ത് ശുചിത്വ മിഷന്റെ ജില്ലാ അസി. കോഡിനേറ്ററായിരിന്നു. ഇപ്പോള്‍ ശുചിത്വ മിഷന്റെയും ഹരിത കേരളത്തിന്റെയും സംസ്ഥാന റിസോഴ്‌സ് പേഴ്‌സനും സംസ്ഥാന ഫാക്കല്‍റ്റിയുമാണ്.
വ്യത്യസ്തമായ സാമൂഹിക ഇടപെടലുകളിലൂടെ പൊതുസമൂഹത്തിലും ശിഷ്യരിലും കുരുന്നുമനസുകളിലും പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെ കുറിച്ചും പ്രകൃതിസംരക്ഷണത്തെ കുറിച്ചുമെല്ലാം സന്ദേശങ്ങള്‍ പകരുന്ന വേണുഗോപാല്‍ പഴയ ശിഷ്യരെ കൂടെക്കൂട്ടി പ്രളയദുരന്തത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു ചിന്തിച്ചപ്പോഴാണ് മണ്ണഞ്ചേരിയിലെ പല സ്‌കൂളുകളിലെയും കുട്ടികളുടെ നോട്ടുബുക്കുകള്‍ വെള്ളത്തില്‍ കുതിര്‍ന്നതറിഞ്ഞത്.
വിദേശത്തുള്ള പഴയ ശിഷ്യര്‍വരെ കുരുന്നുകളെ ഒരു കൈ സഹായിക്കാന്‍ വേണുഗോപാല്‍ തയാറാക്കി. സ്വന്തം ശിഷ്യരുടെ സഹായത്തോടെ മണ്ണഞ്ചേരി ഗവ. സ്‌കൂളില്‍ നല്‍കാന്‍ 1,000 നോട്ടുബുക്കുകള്‍ അദ്ദേഹം സമാഹരിച്ചു നല്‍കി. ഗുരുനാഥന്റെ സദുദ്യമത്തിനു ശിഷ്യര്‍ പിന്തുണ നല്‍കിയതോടെ നോട്ടുബുക്കുകളെത്തിയതിനു കണക്കില്ല. അവയെല്ലാം ഗുരുദക്ഷിണയായി സ്വീകരിക്കുകയാണ് ഇദ്ദേഹം. കാവുങ്കല്‍, വളവനാട്, തമ്പകച്ചുവട്, പൊന്നാട് സ്‌കൂളുകളിലും നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ബുക്കുകള്‍ കൂടുതലായി ലഭിച്ചാല്‍ എല്ലാ സ്‌കൂളിലും നല്‍കാനാണു ഗുരുശിഷ്യ കൂട്ടായ്മയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."