പാര്‍ട്ടിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ല; ഫലം വരുംമുന്‍പ് സ്ഥാനാര്‍ഥി രാജിവച്ചു
ലഖ്‌നൗ: തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ മുന്‍ എസ്.പി നേതാവ് ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടിയായ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി(ലോഹ്യ) സ്ഥാനാര്‍ഥി രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ആഗ്ര നോര്‍ത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ദിലീപ് ഭാഗലാണ് പി.എസ്.പി.എല്ലില്‍ നിന്ന് രാജിവച്ചത്.
ശിവ്പാല്‍ യാദവിനും പാര്‍ട്ടിക്കുംവേണ്ടി ആത്മാര്‍ഥമായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് ആവശ്യമായ സഹകരണം തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് പാര്‍ട്ടിയില്‍ നിന്ന് അനുകൂലമായ സാഹചര്യം നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ എന്തിനാണ് മത്സരിക്കാന്‍ അവസരം നല്‍കിയതെന്നും ദിലീപ് ഭാഗല്‍ ചോദിക്കുന്നു. അതേസമയം, ദിലീപ് ഭാഗലിന്റെ ആരോപണത്തെ പാര്‍ട്ടി നേതാക്കളിലൊരാളായ നിതിന്‍ കോഹ്്‌ലി തള്ളി. മത്സരരംഗത്ത് ഭാഗലിന് വേണ്ട എല്ലാ സഹായങ്ങളും പാര്‍ട്ടി നല്‍കിയിരുന്നുവെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."