ഭൂമിയുടെ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന് ലാന്റ് ബാങ്കുകള്‍ സ്ഥാപിക്കണം: ആര്‍.വി.ജി മേനോന്‍
കളമശേരി: പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയെക്കുറിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് സംഘടിപ്പിച്ച ചര്‍ച്ച വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഡി മാവൂത്ത് അധ്യക്ഷനായി. ഡോ. എസ് ഹരികുമാര്‍, ഡോ. പി അരുണാചലം എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
ഭൂമിയുടെ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന് ലാന്റ് ബാങ്കുകള്‍ സ്ഥാപിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അനര്‍ട്ടിന്റെ മുന്‍ ഡയറക്ടറുമായ ഡോ. ആര്‍ വി ജി മേനോന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ ലാന്റ് ബാങ്കുകളിലൂടെ ആക്കുക വഴി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ ഒഴിവാക്കാനും യഥാര്‍ത്ഥ ആവശ്യക്കാരെ മുന്നോട്ട് കൊണ്ട് വരാനും സാധിക്കും. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കൃത്യമായ ഡ്രെയിനേജ് മാപ്പുകള്‍ സൂക്ഷിക്കണം. പല യൂറോപ്യന്‍ രാജ്യങ്ങളിലും കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാതെ സംരക്ഷിക്കുന്നു. സുസ്ഥിര വികസനത്തിന്റെ അത്തരം മാതൃക നമുക്കും പിന്തുടരാന്‍ കഴിയണമെന്നും ഡോ. ആര്‍.വി.ജി മേനോന്‍ പറഞ്ഞു.
കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാ ദേവി, ഹെല്‍ത്ത് ഇക്കണോമിക്‌സ് എമരിറ്റസ് പ്രൊഫസര്‍ ഡോ. കെ .ആര്‍ തങ്കപ്പന്‍, കുസാറ്റ് അറ്റ്‌മോസ്‌ഫെറിക്ക് സയന്‍സിലെ അധ്യാപകന്‍ ബി ചക്രപാണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."