മുലായത്തിനും അഖിലേഷിനും എതിരേ തെളിവില്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, മകന് അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരേ തെളിവില്ലെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍. 2007ല്‍ വിശ്വനാഥ് ചതുര്‍വേദിയെന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ഫയല്‍ ചെയ്ത ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
യു.പി മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനെതിരേ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഡിംപിളിന്റെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് സുപ്രിംകോടതി പിന്‍വലിച്ചിരുന്നു.
പ്രാഥമിക അന്വേഷണം 2013ല്‍ തന്നെ പൂര്‍ത്തിയായിരുന്നുവെന്നും വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണം തെളിയിക്കാനുതകുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കി.
ഇക്കാര്യം കേന്ദ്രവിജിലന്സിനെയും അറിയിച്ചിരുന്നു. പരാതിക്കാരന് അക്കാര്യം തെളിയിക്കുന്ന ഒന്നും സി.ബി,ഐക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രാഥമിക അന്വേഷണം ക്രിമിനല്ക്കേസാക്കി മാറ്റി രജിസ്റ്റര്‍ ചെയ്തില്ല.
ആരോപണം സംബന്ധിച്ച് ക്രിമിനല്‍ക്കേസ് എടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നില്ല. പകരം, അന്വേഷണം നടത്തി ഉചിതമായ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചതെന്നും ഹരജി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."