പൊതുവിദ്യാലയ പ്രവേശനം; ഗൃഹസന്ദര്‍ശനവുമായി ജനപ്രതിനിധികള്‍
നെടുങ്കണ്ടം: ജനപ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പൊതുവിദ്യാലയങ്ങളെ ആകര്‍ഷകമാക്കുന്നതിന്റെ ഉടുമ്പന്‍ചോല നിയോജകമണ്ഡലം പരിപാടിക്ക് വൈദ്യുതി മന്ത്രി എം.എം.മണി കോമ്പയാറ്റില്‍ തുടക്കം കുറിച്ചു.
കോമ്പയാര്‍ സെന്റ് തോമസ് എല്‍.പി.സ്‌കുളില്‍ കുട്ടിയെ ചേര്‍ത്താണ് തുടക്കം. കല്ലാര്‍ കൂവക്കാട്ട് പ്രദീപ്-ബിന്ദു ദമ്പതികളുടെ മകള്‍ അലോളനയെയാണ് മന്ത്രി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി ഒന്നാം ക്ലാസില്‍ ചേര്‍ത്തത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണിത്. ഒന്നാം ക്ലാസില്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം കുട്ടിയുടെ മാതാവ് മന്ത്രിക്ക് നല്‍കിയാണ് പ്രവേശം നേടിയത്. മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഗൃഹസന്ദര്‍ശന പരിപാടിക്ക് കല്ലാറ്റില്‍ തുടക്കം കുറിച്ചത്.
മന്ത്രിയുടെ സന്ദര്‍ശനം കല്ലാര്‍ നിവാസികള്‍ക്ക് നവ്യാനുഭവമായി. നെടുങ്കണ്ടം പഞ്ചായത്ത് വാര്‍ഡംഗം ജോയി കുന്നുവിള, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ആര്‍.രാധാകൃഷ്ണന്‍,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.എസ്.വത്സമ്മ, പി.ടി.എ.പ്രസിഡന്റ് കെ.ആര്‍.രാമചന്ദ്രന്‍,അധ്യാപക പ്രതിനിധി ബിജു ജോര്‍ജ്, ജോബിന്‍ ജോര്‍ജ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."