ഇതിഹാസം നിക്കി ലൗഡ വിടവാങ്ങി
വിയന്ന: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന നിക്കി തിങ്കളാഴ്ചയാണ് അന്തരിച്ചത്. മരണവിവരം കുടുംബാംഗങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓസ്ട്രിയന്‍ സ്വദേശിയായ നിക്കി മൂന്നുതവണ ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 1975, 77 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പം ലോക ചാംപ്യഷിപ്പ് കിരീടം നേടിയ നിക്കി 1984ല്‍ മക്ലാരന് കൂടെയും ലോകചാംപ്യനായി.
തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച, സഹയാത്രികനായിരുന്ന 1984ലെ ഫോര്‍മുല 1 ലോക ചാംപ്യന്‍ നിക്കി ലൗഡയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് മക്ലാരന്‍ ട്വിറ്ററില്‍ കുറിച്ചു. നിക്കി എന്നെന്നും തങ്ങളുടെ ഹൃദയത്തിലും ചരിത്രത്തിലും ജീവിക്കുമെന്നും അവര്‍ കുറിച്ചു.
കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 1976ല്‍ നിക്കി വന്‍ അപകടത്തില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടു. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ജയിച്ച് നില്‍ക്കവേയാണ് നിക്കി അപകടത്തില്‍ പെടുന്നത്.
ജര്‍മനിയിലെ ന്യൂവര്‍ബര്‍ഗ്‌റിങ്ങില്‍ വച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിക്കി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വിഷപ്പുക ശ്വസിച്ചത് പിന്നീട് ശ്വാസകോശ തകരാറിന് ഇടയാക്കി. എട്ടുമാസം മുന്‍പാണ് ലൗഡ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. 1976ലെ അപകടത്തിന് ശേഷം ആറ് മാസത്തോളം നിക്കിക്ക് പുറത്തിരിക്കേണ്ടി വന്നു. വീണ്ടും തിരിച്ചെത്തിയ നിക്കി 1984ല്‍ മക്ലാരനോടൊപ്പം ലോക ചാംപ്യനായി.
1985ലെ ഡച്ച് ഗ്രാന്‍ഡ്പ്രിക്‌സിലാണ് ലൗഡ അവസാനമായി വിജയിച്ചത്. 1985ലെ ആസ്‌ത്രേലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിലാണ് അവസാനമായി മത്സരിച്ചത്. കാറോട്ട ജീവിതത്തില്‍നിന്ന് വിരമിച്ചശേഷവും നിക്കി ഈ രംഗത്ത് സജീവമായിരുന്നു. 2012 മുതല്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."