രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് വീണ്ടും പ്രസിഡന്റായതിനു ശേഷം: ട്രംപ്
വാഷിങ്ടൻ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും നൽകുന്ന ഫെഡറൽ സഹായമായ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു പ്രസിഡന്റായാൽ ഉടനെ നൽകുമെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്റ് ചെയ്തു. വലിയൊരു സംഖ്യ സ്റ്റിമുലസ് ചെക്കായി പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.
സ്റ്റിമുലസ് ചെക്കിനെകുറിച്ചു നടക്കുന്ന ചർച്ചയിൽ നിന്നും പ്രസിഡന്റ് ട്രംപ് പെട്ടെന്ന് പിന്മാറിയതിനെ വിമർശിച്ചു നാൻസി പെലോസി ട്വിറ്റ് ചെയ്തതിനു പുറകെയാണ് ട്രംപിന്റെ ട്വിറ്റ്.
വാൾസ്ട്രീറ്റിൽ സ്റ്റോക്കുകൾ തകരുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ് ഘടന തന്നെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രഥമ കർത്തവ്യമെന്നും ട്രംപ് ചൂണ്ടികാട്ടി. ഫെഡറൽ റിസർവ് ചെയർമാൻ അമേരിക്കയുടെ തകരുന്ന സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി ട്രംപിന് കത്തയച്ചിരുന്നു.
സ്റ്റിമുലസ് ചെക്ക് നൽകണമെന്ന് ഡമോക്രാറ്റിക് പാർട്ടിയുടെ നിലപാട് ആത്മാർത്ഥതയില്ലാത്തതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവ് മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
യുഎസ് സുപ്രീം കോടതി നോമിനി ഏമി കോന്നി ബാരറ്റിനെ നിയമിക്കുന്നതിന് ആവശ്യമായ എല്ലാ അടിയന്തിര നടപടികളും സ്വീകരിക്കാൻ സെനറ്റ് മെജോറിട്ടി ലീഡറിന് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."