ഓഹരി വാങ്ങാൻ സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ചർച്ചകൾ നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ: ഔദ്യോഗികമായി പ്രതികരിക്കാതെ ലുലു ഗ്രൂപ്പ്
റിയാദ്: ആഗോള റീട്ടെയില്‍ വിപണന രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ സഊദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിളുള്ള പൊതുനിക്ഷേപ നിധിയാണ് ലുലു ഓഹരി വാങ്ങാനുള്ള ചർച്ച ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ലുലു ഗ്രൂപ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മാധ്യമ വാർത്തകളോട് പ്രതികരിക്കാൻ ലുലു ഗ്രൂപ്പ് വിസമ്മതിച്ചു. കോര്‍പ്പറേറ്റ് വിവരങ്ങള്‍ തങ്ങളുടെ മാധ്യമങ്ങള്‍ വഴി അതത് സമയങ്ങളില്‍ അറിയിക്കുമെന്നാണ് ലുലുവിന്‍റെ മീഡിയ വിഭാഗം അറിയിച്ചത്. ഒരു നയമെന്ന നിലയിൽ ലുലു ഗ്രൂപ്പ് ഊഹക്കച്ചവടങ്ങളെയും മാധ്യമ അഭ്യൂഹങ്ങളെയും കുറിച്ച് ഒരിക്കലും പ്രതികരിക്കാറില്ലെന്നും ലുലു മാർക്കറ്റിങ് ആന്റ് കമ്മ്യുണിക്കേഷൻ ഡയരക്ടർ വി നന്ദകുമാർ പറഞ്ഞു
എണ്ണേതര വരുമാനവും വിദേശ നിക്ഷേപവും ലക്ഷ്യമാക്കി അമീർ മുഹമ്മദ് ബിൻ സൽമാൻ മുൻകൈയ്യെടുത്ത് രൂപവത്കരിച്ച സഊദി പബ്ലിക്ദ് ഇൻവെസ്റ്റ്‌മെന്റ് വഴി രാജ്യത്തേക്ക് നിക്ഷേപം എത്തിക്കാനുള്ള ശ്രമങ്ങളാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ നടക്കുന്നത്. നിലവില്‍ 26 ലക്ഷം കോടി രൂപയാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിലെ നിക്ഷേപം.
അതേസമയം, എത്ര ഓഹരി വാങ്ങുമെന്നതിനെ കുറിച്ചോ നിക്ഷേപത്തിന്റെ തോതിനെ കുറിച്ചോ സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കിയിട്ടില്ല. വാർത്ത പുറത്ത് വിട്ട അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് സംബന്ധിച്ച് സൂചനകൾ നൽകുന്നില്ല.
ആഗോള തലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപര്‍മാര്‍ക്കറ്റു ശാഖകളുമായി മുന്നേറുന്നതാണ് ലുലു ഗ്രൂപ്പിനെ സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ലക്ഷ്യമിടാൻ പ്രധാന കാരണമായി കരുതുന്നത്. 55,000 ജീവനക്കാർ ജോലി ചെയ്യുന്ന ഗ്രൂപ്പ് റീട്ടെയില്‍ ബിസിനസിന് പുറമെ ഭക്ഷ്യമേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."