മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കി 'ഓപ്പറേഷന്‍ സാഗര്‍ റാണി '
പാലക്കാട്: മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 2016ല്‍ നടപ്പാക്കിയ 'ഓപ്പറേഷന്‍ സാഗര്‍റാണി' യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി. അപകടകരമായ രാസപദാര്‍ഥങ്ങളില്ലാത്ത മത്സ്യമാണ് ജില്ലയില്‍ വിപണിയിലെത്തുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി അസി.കമ്മീഷണര്‍ ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.
ചെക്ക്‌പോസ്റ്റുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരില്‍ നിന്നുമെടുത്ത മത്സ്യത്തിന്റെയും ഐസിന്റെയും സാംപിളുകളാണ് കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയത്. വില്‍പനക്കാര്‍, വിതരണക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മത്സ്യവിപണി ശുദ്ധീകരിക്കുന്നതിന് സഹായകമായി. കഴിഞ്ഞ ഒരു വര്‍ഷം വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായി 803 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 246 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍നിന്ന് 155 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി അഞ്ച് കേസുകളും ആര്‍.ഡി.ഒ കോടതിയില്‍ രണ്ട് കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. ചായപ്പൊടി, മാംഗോ ഡ്രിങ്ക്, തുവരപരിപ്പ്, ചെറുപയര്‍ പരിപ്പ് എന്നിവയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കളര്‍ ചേര്‍ത്തതും കുടിവെള്ളത്തില്‍ (പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍) ക്ലോറൈഡിന്റെ അംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നിശ്ചിത ഗണുമേന്‍മയില്ലാത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ആര്‍.ഡി.ഒ. കോടതിയിലുള്ളത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വ്യാജവെളിച്ചെണ്ണ, വിഷമയമായ പച്ചക്കറികള്‍ തടയുന്നതിന് ചെക്ക്‌പോസ്റ്റുകളിലും, മാര്‍ക്കറ്റുകളിലും പരിശോധന തുടരും.'മാംഗോ സിറ്റി'യായ മുതലമടയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പാക്കാനും കഴിഞ്ഞു. ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുത്ത കൊടുവായൂര്‍, മലമ്പുഴ, വടക്കഞ്ചേരി, വാണിയംകുളം പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 20 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നടത്തിയതായും അസി.കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."