പ്രകൃതിവാതക വിപണനം പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് ലേല സംവിധാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.
വിപണിയില്‍ വില്‍ക്കേണ്ട വാതകത്തിന്റെ വില നിര്‍ണയത്തിന് മാതൃകാ മാനദണ്ഡങ്ങള്‍ വഴി നടപടികള്‍ സുതാര്യമാക്കുക, നിശ്ചിത ഫീല്‍ഡ് വികസനപദ്ധതികള്‍ക്ക് വിപണന സ്വാതന്ത്ര്യം നല്‍കുക എന്നിവയാണ് പുതിയ പരിഷ്‌കരണ നയത്തിലെ ലക്ഷ്യങ്ങളെന്ന് ഇക്കാര്യം വിശദീകരിക്കവെ കേന്ദ്ര വാര്‍ത്താവിതരണ കാര്യമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് കരാറുകാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നല്‍കുകയും ഇ-ലേലത്തിലൂടെ നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും.
വിവിധ കരാര്‍ ഏജന്‍സികള്‍ക്കിടയില്‍ ലേല നടപടികളില്‍ ഏകീകരണം കൊണ്ടുവരാനും പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും. തുറന്നതും സുതാര്യവുമായ ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന് അഫിലിയേറ്റുകള്‍ക്ക് അനുമതി നല്‍കും.
പ്രകൃതിവാതക മേഖലയില്‍ മത്സരം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. അതേസമയം, അഫിലിയേറ്റുകള്‍ മാത്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഉള്ളപ്പോള്‍ പുനര്‍ലേലം നടത്തണം. നേരത്തെ വില സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ബ്ലോക്കുകളില്‍ ഫീല്‍ഡ് വികസനപദ്ധതികള്‍ക്കും ഈ നയം വിപണന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പ്രകൃതി വാതക മേഖലയിലെ നിര്‍മാണം, അടിസ്ഥാനസൗകര്യം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
പ്രകൃതിവാതക മേഖലയില്‍ സര്‍ക്കാര്‍ നിരവധി പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിച്ചതിന്റെ ഫലമായി കിഴക്കന്‍ തീരത്ത് 70,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വാതക ഉല്‍പാദകര്‍ക്ക് വിപണനത്തിലും വില നിര്‍ണയത്തിലും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 2019 ഫെബ്രുവരി 28 ന് ശേഷമുള്ള എല്ലാ കണ്ടെത്തലുകള്‍ക്കും ഫീല്‍ഡ് തല വികസന നയങ്ങള്‍ക്കും പൂര്‍ണ വിപണന, വിലനിര്‍ണയ സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."