കോളജ് അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും; ക്ലാസുകള്‍ ഓണ്‍ലൈനായി
തിരുവനന്തപുരം:അടുത്തമാസം ഒന്നാം വര്‍ഷ ബിരുദ, പി.ജി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനം. റഗുലര്‍ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഓണ്‍ലൈനായി അധ്യായനം ആരംഭിക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ക്ലാസുകള്‍ നീട്ടണമോ എന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് അധ്യാപകരോട് ആരാഞ്ഞിരുന്നു. എന്നാല്‍ ക്ലാസുകളാരംഭിക്കുന്നത് അനന്തമായി താമസപ്പിക്കണ്ട എന്ന അഭിപ്രായമാണ് അധ്യാപകര്‍ മുന്നോട്ടുവച്ചത്. ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടെ തീരുമാനം.
ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ട്. എന്നാല്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ബാധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ക്ളാസുകളിലും പങ്കെടുക്കാനാവുന്നില്ല.
പലപ്പോഴും ക്ലാസുകള്‍ക്കിടയില്‍ നെറ്റ് കണക്ഷന് നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരും അനവധിയാണ്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് കോളജുകള്‍ എന്നു തുറക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉറപ്പില്ല. ഹോസ്റ്റലുകളും ഉടന്‍ തുറക്കാനാവില്ല. വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു തീരുമാനവും വേണ്ട എന്ന നിര്‍ദേശമാണ് സര്‍ക്കാരും നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."