പ്രവാസികള്‍ ശ്രദ്ധിക്കുക! 'കടയുടെ ലൈസന്‍സ് റദ്ദായാല്‍ വിസയും റദ്ദാവും' വിസ കാന്‍സലായതറിയാതെ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ മലയാളിക്ക് പുതിയ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു
മനാമ: വിസ റദ്ദായതിനെ തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളത്തിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് ഒടുവില്‍ പുതിയ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കഴിഞ്ഞ 8 വര്‍ഷമായി ബഹ്റൈനിലെ മുഹറഖ് പ്രവിശ്യയില്‍ കോള്‍ഡ് സ്റ്റോറില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 66കാരനായ കോഴിക്കോട് സ്വദേശിക്കാണ് ഈ ദുരനുഭവം.
ബുധനാഴ്ച ഉച്ചക്കാണ് കോഴിക്കോടുനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അദ്ദേഹം ബഹ്റൈനിലെത്തിയത്. അടുത്ത ആഴ്ച വരെ വിസാ കാലാവധിയുണ്ടായിരുന്നുവെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് തന്‍റെ സ്പോൺസറുടെ പേരിലുള്ള സി.ആർ റദ്ദായതിനാല്‍ വിസയും റദ്ദായ കാര്യം അദ്ദേഹം അറിയുന്നത്. ഇക്കാര്യം സ്പോണ്‍സറോ കടയുടമയോ ശ്രദ്ദിച്ചിരുന്നില്ല.
വിസ റദ്ദായതിനാല്‍ ബഹ്റൈന്‍ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അധികൃതര്‍ അനുവദിച്ചില്ല. സ്പോണ്‍സറെ ബന്ധപ്പെട്ട് മറ്റൊരു സി.ആറില്‍ വിസ എടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെയാണ് വ്യാഴാഴ്ച വൈകിട്ട് 5.50നുള്ള എമിറേറ്റ്സ് വിമാനത്തില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
നാട്ടില്‍ നിന്ന് ബുധനാഴ്ച 220 ബഹ്റൈന്‍ ദിനാർ (ഏകദേശം 40,000 രൂപ) നൽകിയാണ് ഇദ്ദേഹം ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തിരുന്നത്. വിസ കാലാവധി തീരുന്നതിന് മുമ്പ് ബഹ്റൈനിൽ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉയർന്ന തുക നൽകി ടിക്കറ്റ് എടുത്തത്. അതു തന്നെ പലരില്‍ നിന്നും കടം വാങ്ങിയാണ് ഇതിനുള്ള കാശ് സംഘടിപ്പിച്ചതെന്നും മകളുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ ചില സാന്പത്തിക ബാധ്യതകള്‍ കൂടിയുള്ളതു കൊണ്ടാണ് അദ്ദേഹം ഈ സാഹചര്യത്തില്‍ ബഹ്റൈനിലേക്ക് പുറപ്പെട്ടതെന്നും സുഹൃത്തുക്കള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
എട്ടു മാസം മുന്പ് ചില ശാരീരിക അസ്വസ്ഥതകള്‍ കാരണം നാട്ടില്‍ ചികിത്സ ഉദ്ദേശിച്ചാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്.
പിന്നീട് കൊവിഡ് വന്നതോടെ സാധാരണ വിമാന സര്‍വ്വീസുകള്‍ മുടങ്ങി. ഗത്യന്തരമില്ലാതെയാണ് വന്‍ തുക നല്‍കി ടിക്കറ്റെടുത്തത്.
കൂടാതെ പുതിയ സാഹചര്യത്തില്‍ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തുന്നവരെല്ലാം കൊവിഡ് ടെസ്റ്റിന് 60 ദിനാർ(ഏകദേശം 11,600രൂപയോളം) അടക്കേണ്ടതുണ്ട്. ഈ സംഖ്യയും ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ അടച്ചിരുന്നു. ഇതോടെ വിസ റദ്ദായതിന് പുറമെ, അരലക്ഷം രൂപയും നഷ്ടമായ സങ്കടത്തോടെയാണ് ഈ പ്രവാസി നാട്ടിലേക്ക് മടങ്ങിയത്.
അതേ സമയം പുതിയ വിസ നല്‍കി അദ്ദേഹത്തെ ബഹ്റൈനില്‍ തിരിച്ചെത്തിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കടയുടമ ഫസലു മൂടാടി ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
ഏതായാലും ഈ സംഭവം ഇപ്പോള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നാട്ടില്‍ നിന്നും പുറപ്പെടുന്പോള്‍ തന്നെ എല്ലാവരും ഓണ്‍ലൈന്‍ വഴി വിസ വാലിഡിറ്റി ചെക്ക് ചെയ്ത് ഉറപ്പു വരുത്തണമെന്ന മുന്നറിയിപ്പുകളും പ്രചരിക്കുന്നുണ്ട്. ബഹ്റൈനിലെ വിസാ സ്റ്റാറ്റസ് http://lmra.bh/portal/en/express_services എന്ന വെബ്സൈറ്റിലൂടെ മുന്‍ കൂട്ടി പരിശോധിക്കാന്‍ കഴിയും. ഇത് ഉപയോഗപ്പെടുത്തണമെന്ന മുന്നറിയിപ്പുകളും പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."