ഹത്രാസില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം
രാജ്യത്തിന്റെ തോരാത്ത കണ്ണുനീരാണ് ഹത്രാസിലെ ആ പെണ്‍കുട്ടി. ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങള്‍ കാല, ദേശ ഭേദമില്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിന്റെയും വേട്ടയാടലുകളുടെയും ഏറ്റവും ഒടുവിലത്തേതെന്നു പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത രക്തസാക്ഷിത്വം. നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ പുതിയ ഒരു ഇരയുടെ പേരും എഴുതിച്ചേര്‍ത്തിരിക്കാം.
ഹത്രാസിലെ പത്തൊമ്പതുകാരിയായ ദലിത് പെണ്‍കുട്ടിയെന്ന വിലാസമെങ്കിലും ബാക്കിയാക്കിയാണ് ജാതിവെറിയുടെ പ്രതീകമായി അവള്‍ ഒരുപിടി ചാരമായതെങ്കില്‍ ഒരു ശേഷിപ്പും അവശേഷിപ്പിക്കാത്ത നിരവധി പേര്‍ ഇപ്പോഴും ഇരകളുടെ പട്ടികയില്‍ കണ്ണിയായിക്കൊണ്ടിരിക്കുകയാണ്. ഹത്രാസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം നീതിക്കായി രാജ്യത്തെ മനഃസാക്ഷി മരവിക്കാത്ത ഒരുപറ്റം പേര്‍ ഇപ്പോഴും ഒത്തുകൂടിക്കൊണ്ടിരിക്കുന്നത് ആശ്വാസകരം തന്നെയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് പുതിയ കഥകള്‍ മെനയുന്ന യു.പി ഭരണകൂടവും പൊലിസും മാതാപിതാക്കളെ മാത്രമല്ല, സാന്ത്വനിപ്പിക്കാനെത്തിയവരെയും കള്ളക്കേസില്‍ കുടുക്കുമ്പോള്‍ ജനാധിപത്യത്തില്‍ നിന്ന് ആ സംസ്ഥാന ഭരണകൂടം എത്രമാത്രം അകലുന്നുവെന്നാണ് ആശങ്കപ്പെടേണ്ടത്.
ഹത്രാസിലെ പെണ്‍കുട്ടി പിറന്ന വയര്‍ നീതിക്കായി അലമുറയിടുമ്പോള്‍ ഇവിടെ കേരളത്തിലും ഒരമ്മ നീതി തേടി തെരുവിലുണ്ട്. രണ്ടു ദലിത് പെണ്‍കുട്ടികളുടെ അമ്മ. ഒന്‍പതും പതിമൂന്ന് വയസുള്ള അവരെ നമ്മള്‍ 'വാളയാര്‍ പെണ്‍കുട്ടികളെ'ന്നാണ് വിളിച്ചിരുന്നത്. ജീവിതത്തിന്റെ മനോഹാരിതയിലേക്കു വിടരുംമുന്‍പേ ആരൊക്കെയോ ചേര്‍ന്നു പിച്ചിച്ചീന്തിയ രണ്ടു ദലിത് ബാല്യങ്ങള്‍.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13നായിരുന്നു മൂത്ത പെണ്‍കുട്ടിയുടെ പിറന്നാള്‍. ആ കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പതിനാറു വയസാകുമായിരുന്നു. അവളുടെയും അനുജത്തിയുടെയും മാനം കവര്‍ന്ന് മരണത്തിലേക്കു തള്ളിവിട്ടവര്‍ക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലും ഹത്രാസിലെത്തി കണ്ണുനീരൊഴുക്കിയ പ്രത്യയശാസ്ത്രക്കാരുടെ വക്താക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് വേദനാജനകമാണ്. കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെല്ലാം സ്വതന്ത്രരായി. അവരിപ്പോഴും സൈ്വരവിഹാരം നടത്തുകയാണ് വാളയാറിലൂടെ തന്നെ. ഇന്ന് ആ അമ്മ സെക്രട്ടേറിയറ്റ് പടിക്കലേക്കെത്തുകയാണ്. സമരമെന്നോ പ്രതിഷേധമെന്നോ അതിനെ നമുക്കു വിശേഷിപ്പിക്കാം. എന്നാല്‍ ആ അമ്മയുടെ സമരം ഹത്രാസില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം എത്രയെന്ന് ഒരിക്കല്‍ കൂടി നമ്മളെ ഓര്‍മപ്പെടുത്തുകയാണ്.
കേസില്‍ പുനരന്വേഷണമുണ്ടാകുമെന്നും സി.ബി.ഐ അന്വേഷണം നടത്തുമെന്നും ഉറപ്പുനല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വിഴ്ചപറ്റിയെന്ന് ജുഡീഷല്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൊച്ചിയില്‍ ഒരു ദിവസത്തെ സത്യഗ്രഹസമരം നടത്തി. എന്നാല്‍ ഇതൊന്നും അധികൃതര്‍ കണ്ട മട്ടില്ല. പോരാത്തതിന് കേസുമായി മുന്നോട്ടുപോയാല്‍ മകനെക്കൂടി ഇല്ലാതാക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ആ അമ്മ വേദനയോടെ പറയുന്നു.
പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും സംരക്ഷകരെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ ഇതൊന്നും എന്താണ് കാണാത്തത്? സ്ത്രീകള്‍ക്കെതിരേയുള്ള അശ്ലീല വിഡിയോ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതിന് ഡി.ജി.പി മുതലുള്ള പൊലിസ് സംവിധാനത്തിന് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകാതിരിക്കെ അവഹേളനത്തിന് ഇരകളായ സ്ത്രീകള്‍ തന്നെ നിയമം കൈയിലെടുത്തപ്പോള്‍ ഉണ്ടായ സംഭവങ്ങളും തുടര്‍ന്നുള്ള പൊലിസിന്റെ അതിജാഗ്രതയോടെയുള്ള ഇടപെടലും നമുക്ക് മുന്‍പിലുണ്ട്. സൈബര്‍ നിയമത്തിലെ പഴുതുകള്‍ പറഞ്ഞാണ് അവിടെ പൊലിസ് നിശ്ശബ്ദമായത്.
വാളയാറില്‍ പ്രതികളുടെ സി.പി.എം ബന്ധമാണ് തുടര്‍നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടുകൊണ്ടുപോകുന്നതെന്ന മാതാപിതാക്കളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും ആരോപണങ്ങളെ എങ്ങനെ തെറ്റുപറയാനാകും? പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരേയുള്ള അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പാണ് ആരോപണവിധേയനായ ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം കൊടുത്തത്. അന്വേഷണത്തില്‍ പൊലിസിനു വീഴ്ച വന്നെന്നും നടപടി വേണമെന്നമുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ മുന്‍പിലുള്ളപ്പോഴാണ് പീഡനത്തിരയായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച കേസ് അട്ടിമറിച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ഡിവൈ.എസ്.പിക്കു സ്ഥാനക്കയറ്റം നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതുവരെയെങ്കിലും സര്‍ക്കാരിന് കാത്തിരുന്നുകൂടായിരുന്നോ എന്നാണ് വാളയാര്‍ ആക്ഷന്‍ കമ്മിറ്റിയും പെണ്‍കുട്ടികളുടെ മാതാപിതാക്കളും ചോദിക്കുന്നത്. എം.കെ സോജന് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കുക, പ്രതികളെ അറസ്റ്റ് ചെയ്യുക, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആ അമ്മ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവുമായി എത്തുന്നത്.
ഇത്തരം വിവാദമായൊരു കേസില്‍ ആരോപണവിധേയനായിട്ടും സ്ഥാനക്കയറ്റം നല്‍കിയ നടപടിക്ക് പറയാന്‍ സര്‍ക്കാരിനു പല സാങ്കേതികത്വവുമുണ്ടാകും. ജുഡീഷല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സോജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് ഒരു ന്യായം. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത് ഈ ഉദ്യോഗസ്ഥനെതിരേയാണ്.
വാളയാറില്‍ നിന്ന് ഇനി സമീപകാലത്തെ മറ്റൊരു ദലിത് അവഗണനയിലേക്ക് പോകാം. കലയില്‍ ബ്രാഹ്മണനും ശൂദ്രനും ദലിതനും ഒന്നുമില്ലെന്നാണ് പറയാറ്. എന്നാല്‍ ഒരു ദലിതനു മുന്‍പില്‍ കലയുടെ ശ്രീകോവില്‍ പുരോഗമന ആശയങ്ങളുടെ വക്താക്കളെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാരിന്റെ ഭാഗമായ സംഗീത നാടക അക്കാദമി കൊട്ടിയടച്ചു. ഈ ദുഃഖം താങ്ങാനാവാതെ കലാഭവന്‍ മണിയെന്ന വലിയ കലാകാരന്റെ സഹോദരന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോള്‍ തലകുനിക്കേണ്ടിവന്നത് സാംസ്‌കാരിക കേരളത്തിനു തന്നെയാണ്. പരിഷ്‌കൃതമെന്ന് നാം വിളിക്കുന്ന ഇക്കാലത്ത് പണമുള്ളവനു കലയെ സ്വായത്തമാക്കാം. എന്നാല്‍ അവിടെയും പട്ടിണി മുറുക്കെ പിടിച്ച് കലയെ ചേര്‍ത്തുപിടിക്കുന്നവര്‍ അപൂര്‍വമുണ്ട്. അതിലൊരാളാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
കേവലം ഒരു വേദിയല്ല ഡോക്ടറേറ്റ് ലഭിച്ച ആ കലാകാരനു നഷ്ടമായത്. വേദി ലഭിക്കാത്തതിനെക്കാളും രാമകൃഷ്ണനെ വേദനിപ്പിച്ചിട്ടുണ്ടാവുക ഒരുപക്ഷേ, വേദി നല്‍കിയാല്‍ ഇമേജ് പോകുമെന്ന വാക്കുകളായിരിക്കും. ഇതില്‍ അപൂര്‍വം ചില കലാകാരന്‍മാര്‍ പ്രതികരിച്ചിട്ടുണ്ടാകും. ചില കലാകാരന്‍മാര്‍ രാമകൃഷ്ണനെ അനുകൂലിച്ച് എഴുതിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. അത്രമാത്രം. എത്ര വലിയ കലാകാരന്‍മാരുള്ളതാണ് നമ്മുടെ കൊച്ചു കേരളം. അവരില്‍ മഹാഭൂരിപക്ഷവും സംഭവം വിവാദമായതിനു ശേഷവും ശബ്ദിച്ചില്ല. കലാഭവന്‍ മണിയെന്ന ആ വലിയ കലാകാരനെക്കുറിച്ച് പൊതുവേദികളില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ പറയുന്ന ചുരുക്കം ചിലര്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും മൗനം പാലിക്കും. ആ മൗനത്തിന് വല്ലാത്ത അര്‍ഥവും ഗതിയുമുണ്ടെന്നതാണ് സത്യം. എന്നാല്‍ ഇവിടെ തിരുത്തല്‍ ശക്തിയാകേണ്ട സര്‍ക്കാര്‍ സംവിധാനമാണ് ജാതി മേല്‍ക്കോയ്മയുടെ പിടിയിലാണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."