സുഹൈല്‍ വാഫിക്ക് ഇമ്മിണി ബല്യ സന്തോഷം; ബാല്യകാല സഖി അറബിയിലേക്ക്
കോഴിക്കോട്: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി ഇനി അറബിയിലേക്ക്. വിവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ യുവ മലയാളിയും എഴുത്തുകാരനും ഖത്തറിലെ പ്രവാസിയുമായ സുഹൈല്‍ അബ്ദുല്‍ ഹക്കീം വാഫിയാണ് ബഷീറിന്റെ വിഖ്യാത നോവല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്.
ബുക്കര്‍ പ്രൈസ് നേടിയ നോവലുകളടക്കം പ്രസിദ്ധീകരിച്ച അറബ് സാഹിത്യ ലോകത്തെ പ്രമുഖ പ്രസാധകര്‍ ബൈറൂത്തിലെ അറബ് സയന്റിഫിക് പബ്ലിഷേഴ്‌സ് ആണ് 'റഫീഖത്തു അസ്സിബാ' എന്ന പേരില്‍ ബാല്യകാല സഖി തര്‍ജമ ചെയ്ത് പുറത്തിറക്കുന്നത്. ഉടന്‍ കൃതി പുറത്തിറങ്ങും.
ഇന്ത്യയിലെ നിരവധി ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളിലും ബഷീര്‍ കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അറബിയില്‍ അദ്ദേഹത്തിന്റെ ചില കഥകള്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതാദ്യമായാണ് അറബിയില്‍ നോവല്‍ പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്. ബാല്യകാല സഖിയുടെ ആദ്യപതിപ്പിറങ്ങിയത് 1944ലാണ്. മജീദും സുഹറയും അവരുടെ ജീവിതം പറയുന്ന പ്രണയ നോവലാണിത്. 1967ല്‍ പി. ഭാസ്‌കരനും 2014ല്‍ പ്രമോദ് പയ്യന്നൂരും ഇത് പ്രമേയമാക്കി സിനിമയിറക്കിയിരുന്നു.
ബെന്യാമിന്റെ ആടുജീവിതം അറബിയിലേക്ക് അയ്യാമുല്‍ മാഇസ് എന്ന പേരില്‍ മൊഴിമാറ്റിയത് സുഹൈല്‍ വാഫിയായിരുന്നു. അല്‍അറബിയ്യ ബൈനല്‍ ഫുസ്ഹി വല്‍ആമിയ്യ (അറബി; എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന അറബി ഭാഷയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വ്യത്യസ്തമായ പഠനം ശ്രദ്ദേയമായിരുന്നു. ആടുജീവിതത്തിന്റെ അറബി പരിഭാഷയുടെ മൂന്നാം പതിപ്പ് ഈയിടെ പുറത്തിറങ്ങി. പ്രമുഖ ഇസ്്‌ലാമിക പണ്ഡിതനും വാഫി കോളജുകളുടെ കോ ഓഡിനേറ്ററുമായ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.
അറബികള്‍ക്കിടയില്‍ ബേപ്പൂര്‍ സുല്‍ത്താനെ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചതില്‍ താന്‍ ഏറെ കൃതാര്‍ഥനാണെന്ന് സുഹൈല്‍ വാഫി പറഞ്ഞു.
ബഷീറിന്റെ മക്കളായ അനീസ് ബഷീറിനും ഷാഹിന ബഷീറിനും ഇതിന് അവസരമൊരുക്കിയതില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ സ്വതന്ത്രകലാകാരനായി പ്രവര്‍ത്തിക്കുന്ന കോതമംഗലം സ്വദേശി ജലാല്‍ അബൂസാമയാണ് ബൈറൂത്തിലെ സയന്റിഫിക് പബ്ലിക്കേഷന്‍സിന് വേണ്ടി ബാല്യകാല സഖിയുടെ കവര്‍ വരച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."