ഓപണ്‍ സര്‍വകലാശാല വി.സി നിയമനം: വര്‍ഗീയത പറഞ്ഞ് വെള്ളാപ്പള്ളി
കൊല്ലം: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് വര്‍ഗീയത ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് വി.സിയാക്കാന്‍ മന്ത്രി ജലീല്‍ വാശിപിടിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഈഴവ സമുദായത്തെ ചതിക്കുകയും ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്ന് ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഓപണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം സര്‍ക്കാര്‍ രാഷ്ട്രീയ മാമാങ്കമാക്കിയെന്നും ചടങ്ങില്‍ ഒരു എസ്.എന്‍.ഡി.പി ഭാരവാഹിയെ പോലും ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."