ജോസിന് സീറ്റുകള്‍: ലാഭനഷ്ടം സി.പി.എം അക്കൗണ്ടില്‍ മതിയെന്ന് സി.പി.ഐ
സ്വന്തം ലേഖകന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം മുന്നണിയിലേക്ക് വരുമ്പോഴുള്ള ലാഭവും നഷ്ടവും സി.പി.എം സഹിക്കണമെന്ന് സി.പി.ഐ. തങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തില്‍ തീരുമാനമെടുക്കണമെന്നും സി.പി.എമ്മിനെ സി.പി.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ജോസ് കെ. മാണിയുമായി സി.പി.എം ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സി.പി.ഐ നിലപാട് അറിയിച്ചത്.
സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി ജോസ് പക്ഷത്തിന്റെ കാര്യത്തില്‍ ധാരണയില്‍ എത്താനുള്ള നീക്കത്തിലാണ് സി.പി.എം. ജോസ് പക്ഷം മുന്നണിയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് സി.പി.ഐ. എന്നാല്‍, ജോസ് പക്ഷത്തിന് മുന്നണിയില്‍ ഇടം നല്‍കുന്നതിനായി നഷ്ടം സഹിക്കാന്‍ പാര്‍ട്ടി തയാറല്ല. നിയമസഭ, തദ്ദേശ സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ല. ജോസിനെ മുന്നണിയില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കുന്ന സി.പി.എം തന്നെ സീറ്റുകളുടെ കാര്യത്തില്‍ ലാഭനഷ്ടങ്ങള്‍ സഹിക്കണം. ഇക്കാര്യം ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെയും സി.പി.ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്.സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും എന്‍.സി.പിയുടെ സിറ്റിങ് സീറ്റായ പാലായും ജോസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. പാലായും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ചകളിലൂടെ സി.പി.ഐയെയും എന്‍.സി.പിയും അനുനയിപ്പിക്കാമെന്ന ഉറപ്പാണ് ജോസ് കെ. മാണിക്ക് സി.പി.എം നല്‍കിയിരിക്കുന്നത്.കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിലും തദ്ദേശ സ്ഥാപന സീറ്റുകളിലും ഒരുവിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് സി.പി.ഐ കോട്ടയം ജില്ലാ നേതൃത്വവും. മാണി സി. കാപ്പന്‍ എം.എല്‍.എയും പാലാ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."