സി.പി.എമ്മില്‍ നിന്ന് സി.പി.ഐയിലേക്ക്; ലയന സമ്മേളനം ഇന്ന്
തൃപ്പൂണിത്തുറ/കോതമംഗലം: ജില്ലയിലെ അഞ്ഞൂറിലധികം സി.പി.എം അംഗങ്ങളും നൂറുകണക്കിന് അനുഭാവികളും സി.പി.ഐയിലേയ്ക്ക്. ഇന്ന് ഉദയംപേരൂരില്‍ നടക്കുന്ന ലയനസമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ജില്ലയിലെ വിവിധ ഏരിയാ ലോക്കല്‍ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പാര്‍ട്ടി വിട്ട് പുറത്തു വരുന്നത്. എളങ്കുന്നപ്പുഴയിലെ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.എല്‍ ദിലീപ് കുമാര്‍, ഉദയംപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.രഘുവരന്‍, മുന്‍ഏരിയാ കമ്മറ്റിയംഗം കെ.എസ് പവിത്രന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എസ്.എ ഗോപി , പള്ളുരുത്തിയിലെ മുന്‍ ഏരിയാ കമ്മറ്റിയംഗം വി.ഒ.ജോണി, നേരിയ മംഗലത്തെ മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി ബെന്നി, കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറി ജോളി വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി ലോക്കല്‍ കമ്മറ്റി അംഗങ്ങളും മറ്റു സംഘടനാ നേതാക്കളുമാണ് ഇന്ന് സി.പി.ഐയില്‍ ചേരുന്നത്.
ഏതാനും വര്‍ഷമായി സി.പി.എമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് വിവിധ പേരുകളില്‍ സാംസ്‌കാരിക സംഘടനകള്‍ രൂപികരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍. പാര്‍ട്ടിക്കുള്ളില്‍ നാളുകളായി നിലനിന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് തങ്ങളെ ഈ തീരുമാനത്തിലേക്കെത്തിച്ചത് എന്ന് വിമത വിഭാഗം പറയുമ്പോള്‍, അഴിമതി ആരോപണം നേരിട്ടവരും, അധികാര മോഹം പേറിയവരുമാണ് സംഘടന വിടുന്നതെന്നാണ് ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇന്ന് വൈകീട്ട് നാലിന് നടക്കാവ് ദേവസ്വം ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം വിപ്ലവ ഗായിക പി.കെ മേദിനിയുടെ സംഗീത പരിപാടികളോടെ ആരംഭിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എന്‍ സോമരാജന്‍ അദ്ധ്യക്ഷനായിരിക്കും.
അതേസമയം കോതമംഗലം താലൂക്കില്‍ നിന്ന് അധികം പേര്‍ പങ്കെടുത്തേക്കില്ലന്നാണ് വിവരം. കോതമംഗലത്ത് പൈങ്ങോട്ടൂര്‍, കവളങ്ങാട്, നേര്യമംഗലം ലോക്കല്‍കമ്മിറ്റികളുമായി അകല്‍ച്ചയിലുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സമ്മേളനത്തില്‍ 250 ഓളംപേര്‍ കോതമംഗലത്തെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി പങ്കെടുക്കുമെന്ന് വിമത വിഭാഗം നേതാക്കള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ 100ല്‍ താഴെ പേര്‍മാത്രമാണ് പങ്കെടുക്കാന്‍ സാധ്യതയെന്നാണ് അറിയുന്നത്. വിമത വിഭാഗത്തോട് ആദ്യമൊക്കെ അനുഭാവം പുലര്‍ത്തി വന്നിരുന്ന പ്രവര്‍ത്തകരില്‍ ഒരു വിഭാഗം സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടാതെ സി.പി.എമ്മില്‍ തന്നെ നില്‍ക്കാന്‍ അവസാനവട്ടം തീരുമാനിച്ചതാണ് ഇതിനു കാരണം.
അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക് കൊണ്ട് കോതമംഗലത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വിമതവിഭാഗത്തിന് കഴിഞ്ഞേക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."