ജയരാജനെ മലര്‍ത്തിയടിച്ചു; വടകരയിലെ ചേകവരായി മുരളീധരന്‍
വടകര: കടത്തനാടന്‍ മണ്ണില്‍ ഇനി മുരളിയാണ് ചേകവര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ ത്രസിപ്പിക്കുന്ന വിജയമാണ് സാക്ഷാല്‍ കരുണാകരന്റെ മകന്‍ കെ.മുരളീധരന്‍ നേടിയത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും പിന്നീടങ്ങോട്ട് മുരളീധരന്റെ ഊഴമായിരുന്നു. ലീഡ് നില ഓരോ നിമിഷവും കൂടുന്നതാണ് കണ്ടത്. ലീഡ് നില എഴുപതിനായിരത്തിലെത്തുമ്പോള്‍ അത് യു.ഡി.എഫിന്റെ മിന്നും വിജയമായി മാറും. കഴിഞ്ഞ രണ്ടുതവണ ജയിച്ചു കയറിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ ലീഡിനേക്കാള്‍ മുന്നിലാണ് മുരളീധരന്റേത്. 2014ല്‍ 3261 വോട്ടിന്റെ ലീഡാണ് മുല്ലപ്പള്ളി നേടിയിരുന്നത്.
തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളുള്‍പ്പെടുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ തലശ്ശേരിയില്‍ മാത്രമാണ് ജയരാജന് ലീഡ് നിലനിര്‍ത്താനായത്. മറ്റ് ആറ് മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് നിലയില്‍ ഉടനീളം മുന്നിട്ടുനിന്നു. മൂന്നാംസ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. വി.കെ സജീവന് നേടിയ വോട്ടുകളും കുറവാണ്. കഴിഞ്ഞ വര്‍ഷം നേടിയ വോട്ടിങ് ശതമാനത്തിനടുത്ത് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
വടകരയിലെ പ്രചാരണം
വടകരയില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എല്‍.ഡി.എഫ് പി.ജയരാജനെ കൊണ്ടുവരുമ്പോള്‍ അടുയുറച്ച വിശ്വാസത്തിലായിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും ഉത്തമ സ്ഥാനാര്‍ഥി. കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി അങ്ങനെ കാരണങ്ങളേറെ. പ്രചാരണവും മുന്‍പേ തുടങ്ങി. എന്നാല്‍ മറുവശത്ത് ജയരാജന്‍ അക്രമരാഷ്ട്രീയത്തിന്റെ അമരക്കാരനെന്ന് കരുതുന്നവരും. പ്രചാരണത്തിലുടനീളം വികസനം വിഷയമായില്ല അക്രമരാഷ്ട്രീയം മാത്രം വിഷയമായി.
ആര്‍.എം.പിയുടെ വിജയമോ
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ വടകരയില്‍ ജയിക്കുമ്പോള്‍ അത് ടി.പി ചന്ദ്രശേഖരന്‍ പിതൃത്വം കൊടുത്ത പാര്‍ട്ടിയായ ആര്‍.എം.പി (റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി)യുടെ വിജയം കൂടിയാണ്. നിലവില്‍ വടകര ഓഞ്ചിയം മേഖലയില്‍ ആര്‍.എം.പിക്ക് ഒരു ശക്തിയും ഇല്ലെന്നു പറയുന്നവരോട് അവര്‍ക്ക് കൊടുക്കാനുള്ള മറുപടിയാണിത്. എന്തു വിലകൊടുത്തും ജയരാജനെ തോല്‍പിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ആര്‍.എം.പി യു.ഡി.എഫില്‍ നിന്ന് ഒരു നല്ല സ്ഥാനാര്‍ഥിയെ ലഭിക്കാന്‍ ഉടനീളം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. തങ്ങള്‍ക്കുണ്ടായിരുന്ന 20000 അടുത്തു വരുന്ന വോട്ടുകള്‍ യു.ഡി.എഫിന് നല്‍കാമെന്ന് പരസ്യമായി പറയുകയും ചെയ്തതോടെ യു.ഡി.എഫ് വിജയം ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആര്‍.എം.പി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചുമില്ല.
മുസ്ലിം ലീഗിന്റെ പങ്ക്
മുരളീധരന്‍ സ്ഥാനാര്‍ഥിയായെത്തിയതില്‍ അഹോരാത്രം പരിശ്രമിച്ച യു.ഡി.എഫ് മുന്നണിയിലെ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. തുടക്കത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ പാളിച്ചകളില്‍ സമ്മര്‍ദം ചെലുത്തി വടകരയ്ക്കായി നല്ലൊരു സ്ഥാനാര്‍ഥിയെ വേണമെന്ന് ശക്തിയുക്തം പറഞ്ഞ ലീഗ് പ്രചാരണവേളയിലുടനീളം മുരളീധരനോടൊപ്പം നിന്നു. ഒരുപക്ഷേ കോണ്‍ഗ്രസ് അണികളെക്കാള്‍ പ്രചാരണത്തില്‍ ഒപ്പം നിന്നവരും ലീഗ് തന്നെ.
ജനതാദള്‍ വോട്ടുകളെവിടെ
2009ല്‍ യു.ഡി.എഫിനോടൊപ്പം വന്ന് പത്തു വര്‍ഷത്തിനുശേഷം ലോക് താന്ദ്രിക് ജനതാദള്‍ എല്‍.ഡി.എഫിലേക്ക് ചേക്കേറുമ്പോള്‍ തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള വടകരയില്‍ തങ്ങളുടെ വോട്ട് ജയരാജന് നേടിക്കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നു വേണം മനസ്സിലാക്കാന്‍. എല്‍.ജെ.ഡിക്ക് 60000ന് മുകളില്‍ വോട്ടുണ്ടെന്നു പറയുന്ന നേതൃത്വം അണികളുടെ മനസ്സുമാറ്റാന്‍ കഴിയാതെ വന്നതും തിരിച്ചടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ യു.ഡി.എഫിനൊപ്പം നിന്ന ഭൂരിപക്ഷം ജനതാദള്‍ അണികളും കോണ്‍ഗ്രസിന് വോട്ട് ചെയ്തതും യു.ഡി.എഫിന് ലീഡ് കൂട്ടാന്‍ സഹായകമായെന്നുവേണം പറയാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."