ചാംപ്യന്‍സ് ട്രോഫി- ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഓപണര്‍ സ്ഥാനത്തേക്ക് ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ തിരിച്ചെത്തി. ഒപ്പം ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും ടീമിലിടം കണ്ടു. സ്പഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തുടരും.
വിക്കറ്റ് കീപ്പര്‍ റോളും കൈകാര്യം ചെയ്യുന്ന കേദാര്‍ ജാദവും ടീമിലുണ്ട്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വെറ്ററന്‍ താരം യുവരാജ് സിങ് ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ റണ്‍ വേട്ടയില്‍ മുന്നിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ക്ക് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷപ്പെട്ടെങ്കിലും ഇരുവരേയും പരിഗണിച്ചില്ല. ഒപ്പം യുവ താരങ്ങളായ റിഷഭ് പന്ത്, മലയാളിയായ സഞ്ജു സാംസണ്‍ എന്നിവര്‍ക്കും ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
അതേസമയം റിഷഭ് പന്തിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ സെലക്ടര്‍മാര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം മികച്ച ഫോമിലുള്ള സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും റിസര്‍വ് പട്ടികയിലുണ്ട്. 15 ടീമില്‍ ആര്‍ക്കെങ്കിലും പരുക്കോ മറ്റോ നേരിട്ടാല്‍ പകരം ഈ സ്‌ക്വാഡില്‍ നിന്ന് താരത്തെ തിരഞ്ഞെടുക്കും. ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍. ജൂണ്‍ നാലിന് ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കഴിഞ്ഞ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ തുടയ്ക്ക് പരുക്കേറ്റ് പുറത്തായ ശേഷം ഇപ്പോഴാണ് രോഹിത് ഇന്ത്യന്‍ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. 2015 ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ശേഷം മുഹമ്മദ് ഷമി ഇന്ത്യക്കായി ഏകദിനത്തില്‍ ഇറങ്ങിയിട്ടില്ല. ജസ്പ്രിത് ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഞ്ചാം പേസറായാണ് ഷമിയുടെ പ്രവേശം.
കെ.എല്‍ രാഹുല്‍ പരുക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ രോഹിതിന്റെ ടീമിലേക്കുള്ള പ്രവേശം എളുപ്പമായി. ധവാനും രോഹിതും ഇന്ത്യക്കായി ഓപണ്‍ ചെയ്യും. അധിക ബാറ്റ്‌സ്മാനായി ടീമിലുള്ള വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിന്‍ക്യ രഹാനെ ഓപണര്‍ റോളും കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണ്. സ്പിന്നറുടെ റോളില്‍ ആര്‍ അശ്വിന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് എം.എസ്.കെ പ്രസാദ് അധ്യക്ഷനായ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ ടീമിനെ തിരഞ്ഞെടുത്തത്. ഐ.സി.സിയുടെ പുതിയ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് ചാംപ്യന്‍സ് ട്രോഫിക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമടക്കമുള്ളവ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.സി.സി.ഐ.
എന്നാല്‍ സുപ്രിം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി ടീമിനെ അയക്കണമെന്ന അന്ത്യശാസനം നല്‍കിയതോടെയാണ് ബി.സി.സി.ഐ അധികൃതര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്ന് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. നിലവിലെ ചാംപ്യന്‍സ് ട്രോഫി ജേതാക്കളാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."