സ്ത്രീ തൊഴിലാളികള്‍ അനുഭവിക്കുന്നതു കടുത്ത വിവേചനം
ചെറുവത്തൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും പ്രതികൂല സാഹചര്യങ്ങള്‍ ഏറെ. സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലാണു പലപ്പോഴും സ്ത്രീ തൊഴിലാളികള്‍ കടുത്ത ദുരിതമനുഭവിക്കുന്നത്. അര്‍ഹമായ വേതനവും ആനുകൂല്യവും ലഭിക്കുന്നില്ലെന്നു മാത്രമല്ല, തൊഴിലിടങ്ങളില്‍ വിശ്രമിക്കാനോ സമയത്ത് ആഹാരം കഴിക്കാനോ കഴിയാതെ നിരവധി പേര്‍ ഇന്നും ദുരിതം അനുഭവിക്കുകയാണ്.
ടെക്‌സ്‌റ്റൈല്‍സ്, ആശുപത്രി, സൂപ്പര്‍മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, സ്വകാര്യ സ്‌കൂളുകള്‍ എന്നീ മേഖലകളിലുള്ള നിരവധി സ്ത്രീ തൊഴിലാളികളുടെ ജീവിതം ദയനീയമായി തുടരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരേ പ്രതികരിച്ചാല്‍ ഉള്ള തൊഴിലും നഷ്ടമാകുമോ എന്ന ഭയത്തില്‍ പലരും ദുരിതങ്ങള്‍ തുറന്നു പറയാറില്ല. 12 മണിക്കൂര്‍ വരെ നീളുന്നു പലയിടങ്ങളിലും സ്ത്രീതൊഴിലാളികളുടെ തൊഴില്‍ സമയം.
പല ടെക്‌സ്‌റ്റൈല്‍സുകളിലും മുഴുവന്‍ സമയവും നിന്നുകൊണ്ടുവേണം തൊഴിലെടുക്കാന്‍. ആഘോഷ വേളയില്‍ തൊഴില്‍ സമയം 15 മണിക്കൂര്‍ വരെ നീളുന്നു. ഇത്രയേറെ ദുരിതങ്ങള്‍ സഹിച്ചു ഒരുമാസം തൊഴിലെടുത്താല്‍ 3000 രൂപ പോലും തികച്ചു കിട്ടാതെ തൊഴിലാളികളെ വരെ അന്വേഷണത്തിനിടയില്‍ കണ്ടു. പി.എഫ്, ഇ.എസ്.ഐ പോലുള്ള ആനുകൂല്യം സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന എണ്‍പതു ശതമാനം പേര്‍ക്കും ലഭിക്കുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റുകളാണ് സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള മറ്റൊരു തൊഴിലിടം.
പലയിടങ്ങളിലും മാസാമാസം നല്‍കുന്ന തുച്ഛമായ പ്രതിഫലമല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അണ്‍ എയ്ഡഡ് മേഖലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നതും കടുത്ത തൊഴില്‍ ചൂഷണമാണ്. തുല്യ തൊഴിലിനു തുല്യ വേതനം എന്ന നിയമവും ഇവിടങ്ങളില്‍ അട്ടിമറിക്കപ്പെടുന്നു.
അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ അധ്യാപകരേക്കാള്‍ അധ്യാപികമാരെ നിയമിക്കാനാണ് നടത്തിപ്പുകാര്‍ക്കു താല്‍പര്യം. തുച്ഛമായ വേതനത്തില്‍ കാര്യമായ പ്രതിഷേധങ്ങളില്ലാതെ ഇവരെ ജോലി ചെയ്യിപ്പിക്കാം എന്നതാണു കാരണം.
കുട്ടികളില്‍ നിന്നു ഭീമമായ ഫീസ് ഈടാക്കുമ്പോഴും അധ്യാപികമാര്‍ക്കു പ്രതിമാസം 2500 രൂപ മാത്രം പ്രതിഫലം നല്‍കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഇതിനെല്ലാം പുറമേ പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങളും തൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്നു.
ശാരീരികമായ പീഡനങ്ങള്‍ മാത്രമല്ല, ലൈംഗിക ചുവയുള്ള വാക്കുകള്‍ കൊണ്ടുള്ള പീഡനങ്ങളും ഇവര്‍ക്കു നേരെയുണ്ടാകുന്നു. കൃത്യമായ തൊഴില്‍ നിയമം കൊണ്ടുവരികയും അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."