'നീറ്റ് ' പരീക്ഷാര്‍ഥികളുടെ വസ്ത്രം അഴിച്ച് പരിശോധന
കണ്ണൂര്‍: 'നീറ്റ് 'പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷക്കിടെ നടന്നതു ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും കമ്മിഷന്‍ വിലയിരുത്തി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ദേശീയ കമ്മിഷന്‍ അധ്യക്ഷനയച്ച കത്തില്‍ ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ റീജ്യനല്‍ ഡയറക്ടറും കേരള സര്‍വകലാശാല രജിസ്ട്രാറും വിശദീകരണം നല്‍കണം.
കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സ്‌കൂളില്‍ പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി മൂന്നാഴ്ചക്കകം പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കണ്ണൂര്‍ ആര്‍മി സ്‌കൂളില്‍ ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികളുടെ കൈമറച്ച ഭാഗം മുറിച്ചുമാറ്റി. ചിലര്‍ക്കു ഷൂ അഴിക്കേണ്ടിവന്നു.
മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയെന്നു പറഞ്ഞ് കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു. കറുത്ത പാന്‍സ് ധരിച്ച പെണ്‍കുട്ടിയെ പരീക്ഷാഹാളില്‍ കയറ്റിയില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത നടപടിയാണ് നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ഉണ്ടായതെന്നും കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുന്ന നിയന്ത്രണങ്ങളാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ വേഷവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതും അടിവസ്ത്ര പരിശോധനക്കുവരെ വിധേയമാകേണ്ടിവന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പരീക്ഷയെഴുതാന്‍ തയാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."