തിരിയിട്ട് കുരുമുളകു ചെടികള്‍; നെഞ്ചിടിപ്പോടെ കര്‍ഷകര്‍
കട്ടപ്പന: കത്തിക്കാളുന്ന ചൂടിലും കുരുമുളകു ചെടികള്‍ തളിര്‍ത്ത് തിരിയിടുന്നത് ഹൈറേഞ്ചിലെ കര്‍ഷകരെ ആശങ്കയിലാക്കുന്നു. ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന തിരികളില്‍ പരാഗണം നടക്കുകയോ കായ പിടിക്കുകയോ ചെയ്യാതെ ഉണങ്ങി നശിക്കും. വരുംവര്‍ഷത്തെ ഉല്‍പാദനത്തില്‍ കാര്യമായ കുറവു വരുകയും ചെയ്യുമെന്നുള്ളതാണ് കര്‍ഷകരുടെ ആശങ്കയ്ക്ക് കാരണം.
വിലയിടിവിന് പിന്നാലെ ഉല്‍പാദനം കുറയുന്നതോടെ കൃഷിയില്‍നിന്നുള്ള വരുമാനം തീര്‍ത്തും കുറയുമെന്നാണ് കര്‍ഷകര്‍ ഭയക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളോടെയാണു ഹൈറേഞ്ചില്‍ വിളവെടുപ്പ് സീസണ്‍ അവസാനിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വെയിലേറ്റ് ചെടികള്‍ നന്നായി വാടും.
ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിയ്ക്കുന്ന വേനല്‍ മഴയേറ്റ് വീണ്ടും തളിര്‍ക്കുകയും മെയ്മാസത്തിലും ജൂണ്‍ ആദ്യവുമായി തിരിയിടുകയും ചെയ്യുകയാണു പതിവ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെയാണു പൂക്കുലകള്‍ അഥവാ തിരികള്‍ വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങുന്നത്. വളര്‍ച്ചയെത്തിയ ഒരു തിരിയില്‍ ഏകദേശം അന്‍പതോളം ചെറിയ വെളുത്ത പൂക്കള്‍ കാണപ്പെടും.
ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമായതിനാല്‍ മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം മാത്രമാണു തിരികളില്‍ കായ്കള്‍ ഉണ്ടാകുന്നത്. ചെടികളില്‍ നിന്നും പുറത്തുവരുന്ന തിരികള്‍ നല്ലൊരു പങ്കും മഴയുടെ അഭാവത്തില്‍ ഉണങ്ങി നശിക്കുകയാണു പതിവ്. അവശേഷിക്കുന്നവയില്‍ കായ പിടിച്ചാലും വിളവ് കുത്തനെ കുറയുമെന്ന് അനുഭവ സമ്പന്നരായ കര്‍ഷകര്‍ പറയുന്നു.
രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, ശാന്തന്‍പാറ, വെള്ളത്തൂവല്‍, അടിമാലി, കൊന്നത്തടി, നെടുങ്കണ്ടം, ശാന്തന്‍പാറ, കുഞ്ചിത്തണ്ണി തുടങ്ങി മിക്ക പ്രദേശങ്ങളിലും ചെടികള്‍ തിരിയിട്ടിട്ടുണ്ട്.
ഇത്തവണ വേനല്‍ മഴ കുറഞ്ഞതിനാല്‍ കര്‍ഷകരില്‍ നല്ലൊരു പങ്കും താങ്ങുകാലുകളുടെ ശിഖരങ്ങള്‍ കോതുകയോ, കൊടി വച്ചുകെട്ടുകയോ ചെയ്തിട്ടില്ല. മുരിക്ക് പോലുള്ള മരങ്ങള്‍ വെയിലില്‍ ഉണങ്ങിപ്പോകുമെന്നതിനാലാണിത്.
മഴ ലഭിക്കുന്നതോടുകൂടി ഈ പണികള്‍ ആരംഭിക്കുമെങ്കിലും വെട്ടിയിടുന്ന ശിഖരങ്ങള്‍ പതിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന തിരികളില്‍ നല്ലൊരുപങ്കും നഷ്ടപ്പെടുകയും ചെയ്യും.
ഇതും അടുത്ത വര്‍ഷത്തെ വിളവിനെ പ്രതികൂലമായി ബാധിക്കും. വേനല്‍ കനത്തതോടെ മിക്ക കൃഷിയിടങ്ങളിലും ചെടികള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നതാണു കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം.
കുരുമുളകിനു തണല്‍ ആവശ്യമില്ലാത്തതിനാല്‍ തനിവിള ചെയ്യുന്ന കൃഷിയിടങ്ങളില്‍ മറ്റു മരങ്ങള്‍ കാര്യമായി നിലനിര്‍ത്താറില്ല. ഇതുമൂലം ചെടികളില്‍ ശക്തമായി വെയിലേല്‍ക്കുന്നതും, ജലക്ഷാമം മൂലം നയ്ക്കുവാന്‍ സാധിക്കാത്തതും ചെടികള്‍ ഉണങ്ങി നശിക്കുന്നതിനു കാരണമാകുന്നുണ്ട്.
പുരയിടക്കൃഷി ചെയ്യുന്നവര്‍ക്കും ജലസേചനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ വെള്ളമൊ മറ്റു സൗകര്യങ്ങളൊ ഇല്ല. ദീര്‍ഘമായി ലഭിക്കുന്ന മഴയും ശരാശരി ഉയര്‍ന്ന അന്തരീക്ഷ താപനിലയും ഭാഗികമായ തണലുമാണു കുരുമുളകുചെടികള്‍ക്ക് ആവശ്യം.
എന്നാല്‍ ഇപ്പോഴത്തെ ഉയര്‍ന്ന ചൂടില്‍ മാതൃവൃക്ഷങ്ങളില്‍ ഉണ്ടായിരിക്കുന്ന നടീല്‍ വള്ളികള്‍ ഉണങ്ങിപ്പോകുന്നതുമൂലം ജൂണ്‍ മാസത്തോടെ പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷയും അസ്ഥാനത്താകുകയാണ്.
കാലവര്‍ഷാരംഭത്തോടെ ചെടികളില്‍ കണ്ടുവരാറുള്ള ദ്രുതവാട്ടം, മറ്റു കുമിള്‍ രോഗങ്ങള്‍, പൊള്ളുവണ്ട്, തണ്ടുതുരപ്പന്‍, പുഴു, മീലിമുട്ട, നിമാവിര തുടങ്ങിയ കീട രോഗ ബധകള്‍ എന്നിവയും താങ്ങുകാലുകളുടെ ബലക്കുറവും കേടുപാടുകളും കര്‍ഷകരിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."