ഒന്നാംഘട്ടം പൂര്‍ത്തിയായി; രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും
തുറവൂര്‍: ദേശീയ പാതയോരത്തെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഒന്നാംഘട്ട ജോലികള്‍ പൂര്‍ത്തിയായി. ദേശീയപാത അതോറിറ്റി ചേര്‍ത്തല ഡി വിഷനിലെ ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയാണ് ഒഴിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. മുന്‍ കൂട്ടി നോട്ടീസ് നല്കിയ ശേഷമാണ് ഒഴിപ്പിച്ചത്.
പാതകളുടെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളെല്ലാം പിഴുതു മാറ്റി. കൈയേറിക്കെട്ടിയ പെട്ടിക്കടകളും കച്ചവട സ്ഥാപനങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കി.
ഒരാഴ്ചയ്ക്കുശേഷം രണ്ടാം ഘട്ടം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബി. സോണിയ അറിയിച്ചു. ഒഴിപ്പിച്ച ഭാഗങ്ങളില്‍ തന്നെ വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടൊയെന്നു രണ്ടാംഘട്ടം ഒഴിപ്പിക്കലിനു മുമ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് അവര്‍ വ്യക്തമാക്കി. വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കും. പലയിടങ്ങളിലും വീണ്ടും കൈയേറ്റം നടന്നിട്ടുണ്ട്.
രാഷ്ടിയ പാര്‍ട്ടികളുടെയും ചുമട്ടുതൊഴിലാളി സംഘടനകളുടെയും ഡ്രൈവേഴ്സ് സംഘടനകളുടെയും ഷെഡുകള്‍ പല സ്ഥലത്തും പൊളിക്കാതെ നില്ക്കുന്നതു കാണുന്നുണ്ട്. ഇതൊന്നും പൊളിക്കാന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ തയാറായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്നു ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."