സ്ത്രീ പീഡകര്‍ക്ക് സ്ഥാനമില്ല, യുവതി സമ്മതിച്ചാല്‍ ശശിക്കെതിരായ പരാതി പൊലിസിന് കൈമാറും- എം.എ ബേബി
തിരുവനന്തപുരം: സ്ത്രീ പീഡകര്‍ക്ക് സി.പിഎമ്മില്‍ സ്ഥാനമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുവതി സമ്മതിച്ചാല്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പരാതി പൊലിസിന് കൈമാറുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
യുവതി പാര്‍ട്ടിക്കാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ഇക്കാര്യം വളരെ ഗൗരവമായി തന്നെ എടുത്തു. വെള്ളപ്പൊക്കക്കെടുതിക്കിടയിലും രണ്ടു പേരോടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ കെ ബാലനെയും പി കെ ശ്രീമതിയെയും ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. സ്ത്രീകള്‍ നല്കുന്ന പരാതികളെ എത്രയും ഗൗരവമായി കാണുമെന്ന പാര്‍ട്ടിയുടെ എന്നത്തെയും നിലപാടിനനുസൃതമായി ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും- അദ്ദേഹം പറഞ്ഞു.
പരാതി നല്‍കിയ യുവതിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലിസിന് പരാതി നല്‍കാന്‍ അവര്‍ തീരുമാനിച്ചാല്‍ സഖാവ് ബാലന്‍ പറഞ്ഞ പോലെ പാര്‍ട്ടിയും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കും. പൊലിസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍, യുവതി സമ്മതിച്ചാല്‍, പരാതി പൊലിസിന് കൈമാറുകയും ചെയ്യും- അദ്ദേഹം ആവര്‍ത്തിച്ചു. സ്ത്രീപീഡകര്‍ക്ക് സി.പി.എമ്മില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
സ്ത്രീയുടെ പരാതിയെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. ജലന്ധര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ സത്യഗ്രഹം നടത്തേണ്ടിവന്നത് അസാധാരണമായ സാഹചര്യമാണ്. പൊലിസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ട്. എന്നാല്‍, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമര്‍പ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഈ കന്യാസ്ത്രീകളോട് അവര്‍ മുഖം തിരിക്കുന്നു. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപരിശോധിക്കണമെന്നാണ് അഭിപ്രായമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് മുന്‍കൈ എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും എം.എ ബേബി കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."